ദിനേശ് ശ്രീധരൻ
തിരുവനന്തപുരം: വിദേശ സംരംഭകര്‍ക്കും പ്രവാസി മലയാളികള്‍ക്കും കേരളത്തില്‍ നിക്ഷേപത്തിന് ഏറ്റവും നല്ല അവസരമാണ് സംജാതമായിരിക്കുന്നതെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന് പറഞ്ഞു. നിക്ഷേപത്തിന് സന്നദ്ധരാകുന്നവര്‍ക്ക് എല്ലാ പിന്തുണയും നല്‍കും. കോവിഡാനന്തര കേരളത്തില്‍ വ്യവസായം, കൃഷി മേഖലകള്‍ക്കാണ് ഗവണ്മെന്റ് പ്രാധാന്യം നല്‍കുന്നത്. വ്യവസായ നിക്ഷേപത്തിനുള്ള അനുമതികള്‍ അങ്ങേയറ്റം ലളിതമാക്കുകയും സംരംഭങ്ങള്‍ക്ക് വിപുലമായ അടിസ്ഥാന സൗകര്യം ഒരുക്കുകയും ചെയ്തതായി ബ്രിട്ടനിലെ മലയാളി കൂട്ടായ്മകളുടെ പ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മന്ത്രി വ്യക്തമാക്കി.
കേരളം ഒരു സമ്പൂര്‍ണ്ണ നിക്ഷേപസൗഹൃദ സംസ്ഥാനമായി മാറിക്കഴിഞ്ഞു. നിക്ഷേപ നടപടികള്‍ എളുപ്പമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് കഴിഞ്ഞ നാല് വര്‍ഷം വ്യവസായ വകുപ്പ് ഊന്നല്‍ നല്‍കിയത്. നിക്ഷേപ അനുമതികളും ലൈസന്‍സുകളും വേഗത്തില്‍ ലഭ്യമാക്കാന്‍ കെ സ്വിഫ്റ്റ് എന്ന ഓണ്‍ലൈന്‍ ഏകജാലക സംവിധാനം കൊണ്ടുവന്നു. 7 നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്തു. ചെറുകിട വ്യവസായം തുടങ്ങാന്‍ മുന്‍കൂര്‍ അനുമതി വേണ്ടെന്ന നിയമം കൊണ്ടുവന്നു. സംരംഭം തുടങ്ങി മൂന്ന് വര്‍ഷം കഴിഞ്ഞ് ആറു മാസത്തിനകം ലൈസന്‍സുകളും മറ്റും നേടിയാല്‍ മതി. വന്‍കിട വ്യവസായങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം അനുമതി നല്‍കാനുള്ള വ്യവസ്ഥ ഈ മാസം നിലവില്‍ വരും. ഇതുപ്രകാരം ഒരു വര്‍ഷത്തിനകം അനുമതികള്‍ നേടിയാല്‍ മതി.
ഇല്ലായ്മ പറഞ്ഞ് മാറിനിന്ന് വിശകലനം നടത്തുന്ന കാലം മാറി. കുറവുകള്‍ മനസ്സിലാക്കി അവ പരിഹരിക്കാനാണ് കേരള ഗവണ്മെന്റ് പരിശ്രമിക്കുന്നത്. അതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ വ്യവസായ വകുപ്പും സജീവമായി നിര്‍വഹിക്കുന്നുണ്ട്. അന്യായ പണിമുടക്കുകളും ലോക്കൗട്ടുകളും ഇന്ന് ഓര്‍മ്മയായി. നോക്കുകൂലി നിയമത്തിലൂടെ അവസാനിപ്പിച്ചു.
കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ ചെറുകിട വ്യവസായ മേഖലയ്ക്ക് 3434 കോടിയുടെ പാക്കേജ് ആണ് നടപ്പാക്കുന്നത്. ഫുഡ് പ്രോസസ്സിങ്ങ്, ലൈഫ് സയന്‍സ്, ലൈറ്റ് എഞ്ചിനിയറിങ്ങ് രംഗങ്ങളിലായി പത്തിലധികം വ്യവസായ പാര്‍ക്കുകള്‍ നിക്ഷേപകര്‍ക്കായി ഒരുങ്ങുകയാണ്. ഐ ടി മേഖലയ്ക്ക് കൂടുതല്‍ സ്പേസ് ലഭ്യമാക്കുന്നുണ്ട്.
കേരള വികസനത്തില്‍ പ്രവാസികളുടെ പങ്ക് അമൂല്യമാണ്. ആ സഹകരണം തുടര്‍ന്നും ഉണ്ടാകണം. വിദേശത്തുനിന്ന് സംരംഭം തുടങ്ങാന്‍ പ്രായോഗികമായ മികച്ച ആശയങ്ങളുമായി സമീപിക്കുന്നവര്‍ക്ക് ആവശ്യമായ ഉപദേശ, നിര്‍ദേശങ്ങളും നിയമസഹായവും മന്ത്രി ഉറപ്പ് നല്കി. കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം കൊണ്ടുവരാന്‍ മലയാളി പ്രവാസികളുടെ സഹായം അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
നാട്ടിലേക്ക് മടങ്ങിയവരുടെയും വിദേശത്ത് എത്തിയവരുടെയും വിസ കാലാവധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയുടെയും കേന്ദ്രഗവണ്‍മെന്റിന്റെയെും ശ്രദ്ധയില്‍പെടുത്തും. നോര്‍ക്ക വഴിയുള്ള സഹായങ്ങളും ലഭ്യമാക്കും. ഗള്‍ഫ് രാജ്യങ്ങളിലേക്ക് നഴ്സുമാരെ നോര്‍ക്ക വഴി റിക്രൂട്ട് ചെയ്യുന്നുണ്ട്. യൂറോപ്പിലും അമേരിക്കയിലുമായി പതിനായിരക്കണക്കിന് നഴ്സുമാരുടെ ഒഴിവ് വരുന്നുണ്ട്. ഈ മേഖലയിലേക്കും നോര്‍ക്കയുടെ സഹായത്തോടെ റിക്രൂട്ട്മെന്റിന് നടപടി സ്വീകരിക്കും. നഴ്സ് റിക്രൂട്ട്മെന്റില്‍ ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കും. യു കെ യില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്ന കാര്യത്തില്‍ വിമാന കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.
കൊവിഡ് പ്രതിരോധ മികവ് ലോകമെങ്ങും മലയാളികളുടെ അഭിമാനം ഉയര്‍ത്തിയെന്നും നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കേരളം കൈകൊണ്ട നടപടികള്‍ പ്രശംസനീയമാണെന്നും വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത പ്രവാസികള്‍ അഭിപ്രായപ്പെട്ടു.
ആഗോളതലത്തിലെ സംരംഭകരെ കേരളത്തിലെത്തിക്കാന്‍ ഇത് സഹായിക്കുമെന്നും അവര്‍ പറഞ്ഞു. പൊതുമേഖലയെ സംരക്ഷിച്ച് മികവിലേക്കെത്തിച്ച പ്രവര്‍ത്തനം മാതൃകയാണ്. എല്ലാ മേഖലയിലും കേരളം അഭിമാനമായ നേട്ടം കൈവരിക്കുകയാണ്. ബ്രിട്ടനിലെ മലയാളി പ്രവാസി സമൂഹത്തിന്റെ പൂര്‍ണ പിന്തുണ കേരള ഗവണ്മെന്റിന് ഉണ്ടാകുമെന്നും അറിയിച്ചു. തോമസ് ജോണ്‍ വാരിക്കാട്ട്, ടോം ജേക്കബ്, റെനി മാത്യു, സ്വപ്ന പ്രവീണ്‍, ശ്രീജിത്ത്, നെവില്‍ എബ്രഹാം, ബൈജു, മനോജ് പിള്ള, സിജി സലിംകുട്ടി, ലിയോസ്, സന്തോഷ് ജോണ്‍, സുഗതന് തെക്കേപുരയില്‍ തുടങ്ങിയവര്‍ സംസാരിച്ചു സമീക്ഷ യു കെ നാഷണൽ സെക്രട്ടറി..ദിനേശ് വെള്ളാപ്പള്ളി സ്വാഗതം പറഞ്ഞു.
Leave a Reply