കേരളക്കര ഞെട്ടിയ സംഭവമായിരുന്നു പെട്ടിമുടി ദുരന്തം. നിനച്ചിരിക്കാതെ വന്ന ദുരന്തം. ഇടുക്കി രാജമലയിലെ പെട്ടിമുടിയിൽ 2020 ഓഗസ്റ്റ് ആറിനായിരുന്നു ഉരുൾ പൊട്ടിയത്. ഒരുപാട് പേർക്ക് ജീവൻ നഷ്ടമായി. കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷനിലെ തൊഴിലാളികൾ താമസിച്ചിരുന്ന ലയങ്ങളാണ് ഉരുൾപൊട്ടലിൽ തകർന്നത്.

ഇരവികുളം ദേശീയോദ്യാനത്തിന്റെ അതിർത്തിയിൽ നിന്നു വൻ ശബ്ദത്തോടെ പൊട്ടിയെത്തിയ ഉരുൾ രണ്ട് കിലോമീറ്റർ താഴെയുള്ള തൊഴിലാളിലയങ്ങളെ തകർത്തെറിഞ്ഞാണ് പെട്ടിമുടി പുഴയിലേക്കു പതിച്ചത്. ഉറക്കത്തിൽ ആയതുകൊണ്ട് തന്നെ ഒന്ന് ചിന്തിക്കാൻ പോലുമുള്ള അവസരം പോലും ആർക്കും ലഭിച്ചില്ല. നേരം വെളുത്തപ്പോൾ ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ട് എത്രയോ മനുഷ്യർ വിധിയുടെ മുന്നിൽ പകച്ചുനിന്നു…

അങ്ങനെ ഒറ്റ രാത്രികൊണ്ട് ജീവിതന്റെ വസന്തം നഷ്ടമായ ഒരു പെൺകുട്ടിയുണ്ട്. ​ഗോപിക. ഒറ്റ രാത്രി കൊണ്ട് അച്ഛനേയും അമ്മയേയും ഉൾപ്പെടെ തന്റെ ഉറ്റവരെയാണ് ​ഗോപികയ്ക്ക നഷ്ടമായത്. നിനച്ചിരിക്കാതെ സങ്കടത്തിന്റെ കുത്തഴുക്കിലാണ് ആ പെൺകുട്ടി പെട്ടത്. പക്ഷേ ഇന്ന് ​ഗോപിക തന്റെ സ്വപ്നത്തിലേക്ക് നടന്നുകയറുകയാണ്. പെട്ടിമുടി ദുരന്തം അനാഥമാക്കിയ ഗോപിക ​ഡോക്ടറാവാനുള്ള ഒരുക്കത്തിലാണ്.

നാടിനെ നടുക്കിയ പെട്ടിമുടി ദുരന്തത്തില്‍ നികത്താനാവാത്ത നഷ്ടമാണ് ​ഗോപികയ്ക്ക് സംഭവച്ചിത്. ഇന്ന് ​ഗോപികയുടെ ജീവിതത്തിലേക്ക് വീണ്ടും പ്രതീക്ഷയുടെ വെളിച്ചം എത്തിയിരിക്കുകയാണ്. ​ഡോക്ടർ എന്ന സ്വപ്നത്തിലേക്കെത്താനുള്ള ആദ്യ പടി ​ഗോപിക വെച്ചിരിക്കുകയാണ്. പാലക്കാട് മെഡിക്കല്‍ കോളജില്‍ ഗോപിക ഇന്ന് എംബിബിഎസിന് ചേരുകയാണ്.

പാലാ ബ്രില്ലിയൻറ് സ്‌റ്റഡി സെന്റർ ആണ് ഗോപികയുടെ സ്വപ്നം പൂവണിയാൻ‌ ഒപ്പം നിന്നത്. ഇവര്‍ തന്നെയാണ് രക്ഷിതാക്കളുടെ സ്ഥാനത്ത് നിന്ന് ഗോപികയുടെ അഡ്മിഷനായി ഇന്ന് പാലക്കാടേക്ക് കൊണ്ടുപോകുന്നത്. ജീവിത പ്രതിസന്ധികളിലും കരുത്തിന്റെ പ്രതീകമാണ് ഗോപികയെന്ന് അധ്യാപകർ പറഞ്ഞു. ഗോപികയെ ഇതുപോലൊരു വിജയത്തില്‍ എത്തിക്കുന്നതില്‍ ഭാഗമാകാനായതില്‍ സന്തോഷമുണ്ടെന്നും അധ്യാപകര്‍ പറയുന്നു..

ദുരന്തത്തില്‍ നിന്ന് രക്ഷപെട്ടത് സഹോദരിയും ഗോപികയുമായിരുന്നു.  ദുരന്ത സമയത്ത് ഗോപികയും സഹോദരി ഹേമലതയും തിരുവനന്തപുരത്തുളള ബന്ധുവിന്റെ വീട്ടിലായിരുന്നു അന്ന്. .സാധാരണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നാണ് ഗോപികയുടെ ആഗ്രഹം. തന്റെ അച്ഛനമ്മമാരുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഇതെന്ന് ഗോപിക പറഞ്ഞു. അതുകൊണ്ട് ആ ലക്ഷയത്തിലേക്ക് നടന്നടുക്കുന്നതിന്റെ സന്തോഷം ​ഗോപികയ്ക്കുണ്ട്. അച്ഛനെക്കുറിച്ചും അമ്മയെക്കുറിച്ചുമുള്ള ഓർമകളും അവരുടെ ചിത്രങ്ങളും മാത്രമാണ് ​ഗോപികയ്ക്കൊപ്പം ഉള്ളത്.