കൊച്ചി: നടി മഞ്ജു വാര്യരുടെ നേതൃത്വത്തിലുള്ള മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ പ്രളയ പുനരധിവാസം വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന് ആരോപിച്ച് ആദിവാസി ഗോത്രമഹാസഭ. 2018ലെ പ്രളയത്തില്‍ തകര്‍ന്ന വയനാട്ടിലെ ആദിവാസി കോളനി നിവാസികളുടെ പുനരധിവാസം വാഗ്ദാനം ചെയ്തതിന് ശേഷം ഫൗണ്ടേഷന്‍ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും വിശ്വാസ വഞ്ചനക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ആദിവാസി ഗോത്രമഹാസഭ രംഗത്തെത്തിയിരിക്കുന്നത്.
പ്രളയത്തില്‍ തകര്‍ന്ന വയനാട് പനമരം പഞ്ചായത്തിലെ പരക്കുനി ആദിവാസി കോളനിയിലെ 57 കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കുന്നതും അവരുടെ പശ്ചാത്തല സൗകര്യം വികസനവും സ്വയം ഏറ്റെടുത്ത് മഞ്ജു വാര്യര്‍ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് സന്നദ്ധത അറിയിച്ച് പഞ്ചായത്തിനും ജില്ലാ ഭരണകൂടത്തിനും കത്ത് നല്‍കുകയും ചെയ്തു. എന്നാല്‍, ഇതിനുവേണ്ട ഒരു നടപടിയും നടിയുടേയോ ഫൗണ്ടേഷന്റെയോ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് ഗോത്രമഹാസഭ പറയുന്നു.
ഇതേത്തുടര്‍ന്ന് പമനരം പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ വയനാട് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, ഒരു വ്യക്തി എന്ന നിലയില്‍ പദ്ധതി നടപ്പാക്കാന്‍ ബുദ്ധിമുട്ടുകളുണ്ടെന്നായിരുന്നു മഞ്ജു വാര്യരുടെ മറുപടി. ഇതിനോടകം തന്നെ മൂന്നര ലക്ഷം രൂപ നല്‍കിയെന്നും തുടര്‍ന്ന് 10 ലക്ഷം രൂപ മാത്രമേ നല്‍കാന്‍ കഴിയുവെന്നും ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നല്‍കിയ സത്യവാങ് മൂലത്തില്‍ പറയുന്നു.
രണ്ടരക്കോടിയോളം രൂപ ചെലവ് വരുന്ന പുനരധിവാസ പദ്ധതിയ്ക്കാണ് 13.5 ലക്ഷം രൂപ നല്‍കി നടി കയ്യൊഴിയാന്‍ ശ്രമിക്കുന്നതെന്ന് എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആദിവാസി ഗോത്ര മഹാസഭ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഗീതാനന്ദന്‍.എം. പറഞ്ഞു. മഞ്ജുവാര്യര്‍ ഫൗണ്ടേഷന്റെ വാഗ്ദാനം നിലനില്‍ക്കുന്നതിനാല്‍ പുനരധിവാസ പ്രനവര്‍ത്തനങ്ങള്‍ക്കായി പനമരത്തെ ആദിവാസി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ഗോത്രമഹാസഭ പറയുന്നു.
പദ്ധതി നടപ്പാക്കാന്‍ ഫൗണ്ടേഷനു മേല്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണമെന്നും പദ്ധതിയ്ക്കായി മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ തുക സമാഹരിച്ചിട്ടുണ്ടോ എന്ന കാര്യം സര്‍ക്കാര്‍ അന്വേഷിക്കണമെന്നും ഗീതാനന്ദന്‍ ആവശ്യപ്പെട്ടു. ക്രൗഡ് ഫണ്ടിങ്ങിലൂടെയാകും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്തുക. അങ്ങനെ പണം സമാഹരിച്ചിട്ടുണ്ടോ എന്ന് ഫൗണ്ടേഷന്‍ വ്യക്തമാക്കണം.
Leave a Reply