ബെംഗളുരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസിലെ അന്വേഷണം തീവ്രഹിന്ദു സംഘടനയായസനാതന്‍ സന്‍സ്ഥയിലേയ്ക്ക് കേന്ദ്രീകരിക്കുന്നു. എന്‍ഐഎ യും, ഇന്റര്‍പോളും തിരയുന്ന സനാതന്‍ സന്‍സ്ഥയുടെ മൂന്നു പേരെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപിക്കുകയാണ്.
സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകരായ പൂനെ സ്വദേശി സാരാംഗ് അമകാല്‍കര്‍ എന്ന സാരാംഗ് കുല്‍ക്കര്‍ണി, മഹാരാഷ്ട്ര സ്വദേശികളായ ജയ് പ്രകാശ് എന്ന അണ്ണാ, പ്രവീണ്‍ ലിങ്കാര്‍ എന്നിവരെയാണ് പോലീസ് തിരയുന്നത്. കല്‍ബുര്‍ഗി, ധബോല്‍ക്കര്‍ വധക്കേസുകളിലും ഇവര്‍ക്കു പങ്കുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കുന്നു. ഗോവ മഡ്ഗാവ് സ്‌ഫോടനക്കേസില്‍ പ്രതികളെന്നു സംശയിക്കുന്ന ഇവര്‍ക്കായി ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം, ഗൗരി ലങ്കേഷ് കൊല ചെയ്യപ്പെട്ട സ്ഥലത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ കൂടുതല്‍ വ്യക്തമായ പകര്‍പ്പിനായി യുഎസ് ലാബിലേയ്ക്ക് അയച്ചു. സെപ്റ്റംബര്‍ അഞ്ചിനു രാത്രി എട്ടു മണിയോടെ വീടിനു മുന്നിലാണ് ഗൗരിക്ക് വെടിയേറ്റത്. വീട്ടിലേക്കു കയറുന്ന വഴിയിലും, കാര്‍ പോച്ചിലെ സിസിടിവിയലില്‍ നിന്നും ഒട്ടേറെ ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഹെല്‍മറ്റ് ധരിച്ചാണ് കൊലയാളി എത്തിയിരിക്കുന്നത്.