ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിലെ ഏറ്റവും വലിയ ഉരുക്ക് ഉൽപ്പാദക കമ്പനിയായ ടാറ്റ സ്റ്റീലിന് 500 മില്യൺ പൗണ്ടിന്റെ സഹായ പാക്കേജ് കൈമാറാനുള്ള ചർച്ചയുടെ അവസാന ഘട്ടങ്ങളിൽ എത്തി ബ്രിട്ടൺ. ഏറ്റവും വലിയ ഉരുക്ക് ഉൽപ്പാദക കമ്പനിയായ സൗത്ത് വെയിൽസിലെ ടാറ്റാ സ്റ്റീലിന്റെ നിർമ്മാണത്തിന്റെ ദീർഘകാല ഭാവി സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ പാക്കേജ് സർക്കാർ വാഗ്‌ദാനം ചെയ്യുന്നത്. ഈ ആഴ്ച അവസാനം തന്നെ കരാറിൻെറ നിബന്ധനകൾ ഉറപ്പിക്കുമെന്നും സെപ്റ്റംബർ മാസത്തിൽ തന്നെ ഇത് അന്തിമമാകുമെന്നുമാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ആഴ്ചകളിലായി ഫണ്ടിംഗ് പാക്കേജ് വർദ്ധിപ്പിക്കാൻ ടാറ്റ സ്റ്റീൽ സർക്കാരുമായി ചർച്ചകൾ നടത്തി വരുകയായിരുന്നു. നിലവിൽ തയ്യാറാക്കിയിരിക്കുന്ന പദ്ധതികൾ പ്രകാരം കമ്പനിക്ക് സർക്കാർ ഏകദേശം 500 മില്യൺ പൗണ്ട് പൊതു ധനസഹായം നൽകും. ഏകദേശം 8,000 തൊഴിലാളികളാണ് യുകെയിലെ ടാറ്റ സ്റ്റീലിൽ മാത്രം ജോലി ചെയ്യുന്നത്. വരും വർഷങ്ങളിൽ 3,000 ജീവനക്കാർക്ക് ജോലി നഷ്‌ടപ്പെടാൻ സാധ്യതയുണ്ടെന്ന് ചർച്ചകളിൽ കമ്പനി സൂചിപ്പിച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
സർക്കാരുമായുള്ള പുതിയ കരാറിന്റെ ഭാഗമായി ടാറ്റ സ്റ്റീൽ ഇലക്ട്രിക് ആർക്ക് ഫർണസുകൾ ഉൾപ്പെടെയുള്ളവയുടെ നിർമ്മാണത്തിന് പ്രതിജ്ഞാബന്ധരാണ്. ഇലക്ട്രിക് ആർക്ക് ഫർണസുകൾ സാധാരണയായി ഉപയോഗിച്ച് വരുന്ന ഫർണസുകളേക്കാൾ വ്യത്യസ്തവും കുറഞ്ഞ ഊർജ്ജം ഉപയോഗിച്ച് ഉരുക്ക് ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള മാറ്റത്തിന്റെ ഭാഗമായി ചില തൊഴിൽ നഷ്ടങ്ങൾ അനിവാര്യമാണെന്ന് ചർച്ചയിൽ സർക്കാർ അംഗീകരിച്ചിട്ടുണ്ട്.
Leave a Reply