ന്യൂസ് ഡെസ്ക്, മലയാളം യുകെ
കുറെ നാളുകളായി സാമ്പത്തിക പ്രശ്നങ്ങളിൽ നട്ടംതിരിയുന്ന ബ്രിട്ടീഷ് സ്റ്റീൽ കമ്പനി കൂടുതൽ പ്രതിസന്ധികളിൽ അകപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. യു എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് അമേരിക്കയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന് 25 ശതമാനം നികുതി ഏർപ്പെടുത്തിയത് പ്രതിസന്ധിയുടെ ആഴം കൂട്ടിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനിടെ ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ സ്കൻതോർപ്പിൽ പ്രവർത്തിക്കുന്ന കമ്പനിക്ക് വേണ്ട അസംസ്കൃത സാധനങ്ങൾ തീർന്നു പോകുമെന്ന വാർത്തകൾ പുറത്തുവന്നു.
കടുത്ത പ്രതിസന്ധി പരിഹരിക്കാൻ ബ്രിട്ടീഷ് സ്റ്റീൽ ദേശസാത്കരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ചാൻസലർ റേച്ചൽ റീവ്സ് പറഞ്ഞു. ബ്രിട്ടനിലെ സ്റ്റീൽ ഉത്പാദനത്തിന്റെ ഭാവിയെ കുറിച്ച് വിശദീകരിക്കാൻ ചാൻസിലർ വാരാന്ത്യത്തിൽ ട്രേഡ് യൂണിയൻ നേതാക്കളുമായി സംസാരിച്ചിരുന്നു. യുകെയിലേക്കുള്ള സ്റ്റീൽ വ്യവസായത്തിൻ്റെ തന്ത്രപരമായ പ്രാധാന്യത്തെ കുറിച്ച് ചർച്ചകളിൽ അവർ പറഞ്ഞതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി മൂലം സ്കൻതോർപ്പിലെ രണ്ട് ചൂളകൾ അടച്ചുപൂട്ടാൻ കമ്പനിയെടുക്കുന്ന തീരുമാനം മൂലം 2700 പേർക്ക് തൊഴിൽ നഷ്ടമുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ സർക്കാരിൻറെ സാമ്പത്തിക പിൻതുണ വേണമെന്നാണ് കമ്പനിയുടെ നിലപാട്. 2020 മുതൽ ചൈനീസ് കമ്പനിയായ ജിൻഗേയുടെ ഉടമസ്ഥതയിലാണ് സ്ഥാപനം. പ്രവർത്തനങ്ങൾ നിലനിർത്തുന്നതിനായി ബ്രിട്ടീഷ് സ്റ്റീലിൽ 1.2 ബില്യൺ പൗണ്ടിൽ കൂടുതൽ നിക്ഷേപിച്ചിട്ടുണ്ടെന്നും പ്രതിദിനം 700,000 പൗണ്ടിൻ്റെ സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ആണ് കമ്പനി പറയുന്നത് . നിലവിൽ സ്ഫോടന ചൂളകളിൽ നിന്ന് ഇലക്ട്രിക് ആർക്ക് ചൂളകളിലേയ്ക്ക് മാറുന്നതിന് ഭാഗികമായി ധനസഹായം നൽകാൻ 500 മില്യൺ പൗണ്ട് സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.
Leave a Reply