ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രിയാവാനുള്ള പോരാട്ടത്തിൽ മുൻ ചാൻസലറും ഇന്ത്യൻ വംശജനുമായ ഋഷി സുനക് മുന്നിൽ. ആദ്യ ഘട്ട വോട്ടിങ്ങിൽ 88 കൺസർവേറ്റീവ് പാർട്ടി എം.പിമാരുടെ പിന്തുണ നേടിയാണ് മുന്നിലെത്തിയത്. വാണിജ്യ സഹ മന്ത്രി പെന്നി മൊർഡോണ്ട് 67, വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് 50, മുൻ മന്ത്രി കെമി ബാ​ദി​നോ​ച് 40, ടോം ടു​ഗെ​ൻ​ഡാ​റ്റ് 37, ഇന്ത്യൻ വംശജയായ അറ്റോർണി ജനറൽ സുവേല ബ്രേവർമാൻ 32 വോട്ടും നേടി രണ്ടാം ഘട്ടത്തിലേക്ക് കടന്നു.

25 വോട്ട് നേടിയ പുതുതായി നിയമിതനായ ചാൻസലർ നാദിം സഹാവി, 18 ​വോട്ട് നേടിയ മുൻ ക്യാബിനറ്റ് മന്ത്രി ജെറമി ഹണ്ട് എന്നിവർ പുറത്തായി. രണ്ടാംഘട്ടത്തിലേക്ക് പോകാൻ 30 എം.പിമാരുടെ പിന്തുണയാണ് വേണ്ടിരുന്നത്. ഇതോടെ മത്സരരംഗത്ത് ഇനി ആറു പേർ മാത്രം. 358 കൺസർവേറ്റീവ് എം.പിമാർ പ​ങ്കെടുക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. രണ്ട് പേർ മാത്രം മത്സരരംഗത്ത് ശേഷിക്കുംവരെ പല ഘട്ടങ്ങളായാണ് എം.പിമാർക്കിടയിൽ വോട്ടെടുപ്പ് നടക്കുക. ജൂലൈ 21ന് ദീർഘ വോട്ടെടുപ്പ് പ്രക്രിയ പൂർത്തിയാകും. അവസാന റൗണ്ടിൽ എത്തുന്ന രണ്ടുപേരിൽ നിന്ന് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നത് 160,000 കൺസർവേറ്റീവ് പാർട്ടി അംഗങ്ങളാണ്.

ഇനിയുള്ള മത്സരത്തിൽ താൻ സുനക്കിനെ പിന്തുണയ്ക്കുമെന്ന് ജെറമി ഹണ്ട് വ്യക്തമാക്കി. മത്സരഫലത്തിൽ സന്തോഷമുണ്ടെന്ന് സുനക് പറഞ്ഞു. ബോറിസ് ജോൺസന്റെ രാജിക്ക് തുടക്കമിട്ട് ആദ്യം സ്ഥാനമൊഴിഞ്ഞത് ധനമന്ത്രിയായിരുന്ന സുനക് ആയിരുന്നു. പ്രധാനമന്ത്രിയായാൽ ഈ പദത്തിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനായിരിക്കും ഋഷി സുനക്.