ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ചൈനയിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള യാത്രാ നിയന്ത്രണങ്ങൾ വീണ്ടും കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നു. പുതിയ ചട്ടങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. നേരത്തെ നിലനിന്നിരുന്ന നിയന്ത്രണങ്ങൾ കഴിഞ്ഞ മാർച്ചിൽ റദ്ദാക്കിയിരുന്നു. വീണ്ടും അത്തരമൊരു സാഹചര്യം വന്നാലേ നിയന്ത്രണങ്ങൾ കൊണ്ടുവരൂ എന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്. അതിനിടയിലാണ് ചൈനയിൽ നിന്നുമെത്തുന്ന ആളുകൾക്ക് മാത്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചൈനയിൽ കോവിഡിന്റെ പുതിയ വകഭേദം രോഗം പടർത്തുന്ന സാഹചര്യത്തിലാണ് തീരുമാനം. XBB 1.5 വകഭേദത്തെ കുറിച്ച് ആഗോള തലത്തിൽ ആശങ്ക നിലനിൽക്കുന്നതിനിടയിലാണ് നിർണായക തീരുമാനവുമായി ഇംഗ്ലണ്ട് എത്തുന്നത്. നാളെ മുതൽ ചൈനയിൽ നിന്ന് രാജ്യത്തേക്ക് എത്തുന്ന ആളുകൾ യാത്ര ചെയ്യുന്നതിന് രണ്ട് ദിവസം മുൻപ് കോവിഡ് ടെസ്റ്റ് ചെയ്ത് അതിന്റെ റിസൾട്ട് വിമാനത്തിൽ ജീവനക്കാരെ കാണിക്കണം. 11 വയസിൽ താഴെയുള്ള കുട്ടികളെ പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബാക്കി എല്ലാ യാത്രക്കാർക്കും, ഡയറക്റ്റ്/ ഇൻഡയറക്റ്റ് ഫ്ലൈറ്റുകൾക്കും നിയമം ബാധകമാണ്.
പരിശോധനഫലം പേപ്പറായോ ഇമെയിൽ മുഖേനയോ കൈമാറാം. എന്നാൽ അതിൽ പേര്, ജനനത്തീയതി, പരിശോധനാ ഫലം, സാമ്പിൾ ശേഖരിച്ച തീയതി, മേൽവിലാസം എന്നിവ നിർബന്ധമായും ഉണ്ടാകണം. എൻ എച്ച് എസ് നൽകുന്ന പരിശോധനഫലവും ഉപയോഗിക്കാൻ കഴിയില്ല. 18 വയസിനു മുകളിലുള്ള എല്ലാ യാത്രക്കാരും ഹീത്രു എയർപോർട്ടിൽ എത്തിയതിനു ശേഷവും കോവിഡ് പരിശോധന നടത്തണമെന്നും മുന്നറിയിപ്പിൽ പറയുന്നു. കോവിഡ് രാജ്യത്ത് വ്യാപിക്കാൻ സാധ്യതയുണ്ടെന്ന വാർത്തകൾക്കിടയിലാണ് സർക്കാർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ചൈന ഒഴികെ മറ്റേത് രാജ്യത്ത് നിന്നുള്ള യാത്രക്കാർക്ക് ഈ നിയമം ബാധകമല്ലെന്നും അധികൃതർ അറിയിച്ചു.
Leave a Reply