ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ പി ആർ ലഭിക്കുന്നതിനുള്ള കാലാവധി പത്തു വർഷമാക്കാനുള്ള ഗവൺമെൻറ് നീക്കത്തിനെതിരെ സമർപ്പിച്ച പെറ്റീഷനെ കുറിച്ച് സെപ്റ്റംബർ 8-ന് ബ്രിട്ടീഷ് പാർലമെൻ്റിൽ നടന്ന ചർച്ചകൾ രാജ്യത്തെ ഒട്ടനവധി മലയാളികളെ നേരിട്ട് ബാധിക്കുന്നവയായിരുന്നു . മൂന്നു മണിക്കൂർ നീണ്ട ചർച്ചയിൽ നിരവധി എംപിമാർ പങ്കെടുക്കുകയും, അവരുടെ മണ്ഡലങ്ങളിലെ ജനങ്ങൾ ഉന്നയിച്ച ആശങ്കകൾ അവതരിപ്പിക്കുകയും ചെയ്തു. മലയാളി എംപി സോജൻ ജോസഫ് എൻഎച്ച്എസിലുള്ള വിദേശ തൊഴിലാളികളുടെ സംഭാവനയെ കുറിച്ച് ചൂണ്ടിക്കാട്ടി പുതിയ നയ മാറ്റം അനവധി കുടുംബങ്ങളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി.

എന്നാൽ പാർലമെൻറ് ചർച്ചയിൽ ഗവൺമെൻറ് കടുത്ത നിലപാട് ആണ് സ്വീകരിച്ചത് . അനിയന്ത്രിത കുടിയേറ്റത്തെ നിയന്ത്രിക്കണമെന്ന കാര്യം അവർ ആവർത്തിച്ചു പറഞ്ഞുവെങ്കിലും നിലവിൽ യുകെയിൽ കഴിയുന്നവർക്ക് മാറ്റം ബാധകമാകുമോ എന്ന കാര്യത്തിൽ വ്യക്തമായ ഉറപ്പ് നൽകാൻ തയ്യാറായില്ല. കോവിഡ് കാലത്ത് എൻഎച്ച്എസ് സ്റ്റാഫായെത്തിയ വിദേശ തൊഴിലാളികളുടെ സംഭാവനകളെ പരിഗണിക്കാതെ അവരുടെ പി.ആർ പ്രതീക്ഷകൾ തള്ളിക്കളയാനുള്ള ശ്രമം നന്ദികേടാണെന്ന അഭിപ്രായം പല എംപിമാരും പ്രകടിപ്പിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ വിഷയത്തിൽ പൊതുജനാഭിപ്രായം തേടുന്ന പബ്ലിക് കൺസൾട്ടേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ഗവൺമെൻറ് അറിയിച്ചിട്ടുണ്ട് . പുതിയ നിയമങ്ങൾ ഇതിന്റെ ഫലത്തെ അടിസ്ഥാനമാക്കിയാകും തീരുമാനിക്കുക. അതിനാൽ പ്രവാസി സംഘടനകളും ലോക്കൽ അസോസിയേഷനുകളും ഒരുമിച്ച് ശക്തമായ പ്രതികരണം നടത്തുന്നതും യുകെ മലയാളികൾ അവരുടെ എംപിമാരെ സമീപിച്ച് അഭിപ്രായം അറിയിക്കുന്നതും ഉചിതമായിരിക്കും. പുതിയ നിയമം നടപ്പിലായാൽ യുകെയിലെ മലയാളി സമൂഹത്തെ അത് വലിയ രീതിയിൽ ബാധിക്കും. പ്രധാനമായും ആരോഗ്യ മേഖലകളിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് മലയാളികൾ അഞ്ച് വർഷം കഴിഞ്ഞാൽ പി.ആർ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവിടെ എത്തിയിരിക്കുന്നത്. എന്നാൽ കാലാവധി പത്തു വർഷമാക്കിയാൽ കുടുംബങ്ങളുടെ സ്ഥിരതയും കുട്ടികളുടെ വിദ്യാഭ്യാസവും ഭാവി പദ്ധതികളും എല്ലാം ആശങ്കയിലാകും. കോവിഡ് കാലത്ത് മുൻ നിരയിൽ നിന്നു സേവനം അനുഷ്ഠിച്ച മലയാളി നേഴ്സുമാരുടെയും ഹെൽത്ത് കെയർ സ്റ്റാഫിന്റെയും സേവനങ്ങളെ മറന്നു പോകുന്ന സമീപനമാണിതെന്ന് ആക്ഷേപം ശക്തമാണ് .

(വാർത്തയുടെ ഒപ്പം ചേർത്തിരിക്കുന്നത് പ്രതീകാത്മക ചിത്രമാണ്)