ലണ്ടന്‍: വായുമലിനീകരണം കുറയ്ക്കാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ നയങ്ങള്‍ക്കെതിരെ നഗരങ്ങളും കൗണ്‍സിലുകളും. നയങ്ങള്‍ അപര്യാപ്തമാണെന്ന് ഏറ്റവും കൂടുതല്‍ മലിനീകരണം നേരിടുന്ന എട്ട് നഗരങ്ങളിലെ പ്രാദേശിക ഭരണകൂടങ്ങള്‍ അറിയിച്ചു. 2040ഓടെ പെട്രോള്‍, ഡീസല്‍ കാറുകള്‍ പൂര്‍ണ്ണമായും നിരോധിക്കുമെന്നതടക്കമുള്ള പ്രഖ്യാപനങ്ങളാണ് നയത്തിലുള്ളത്. ഇന്നലെയാണ് എന്‍വയണ്‍മെന്റ് സെക്രട്ടറി മൈക്കിള്‍ ഗോവ് ഈ നയം പ്രഖ്യാപിച്ചത്. മലിനീകരണം നിയന്ത്രിക്കാന്‍ സത്വര നടപടികള്‍ കൈക്കൊള്ളണമെന്ന് കോടതി നിര്‍ദേശിച്ചതനുസരിച്ചാണ് സര്‍ക്കാര്‍ നയംപ്രഖ്യാപിച്ചത്.

എന്നാല്‍ 2040ല്‍ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ നിരോധിക്കാനുള്ള പദ്ധതി അന്തരീക്ഷ മലിനീകരണം മൂലം പ്രതിവര്‍ഷം ആയിരങ്ങള്‍ മരിക്കുന്നത് ഇല്ലാതാക്കാന്‍ പര്യാപ്തമല്ലെന്ന് ക്യാംപെയിനര്‍മാരും പറയുന്നു. 23 വര്‍ഷങ്ങള്‍ക്കു ശേഷം വാഹനങ്ങള്‍ നിരോധിക്കുമെന്ന് പറയുന്ന സര്‍ക്കാര്‍ പക്ഷേ ക്ലീന്‍ എയര്‍ സോണുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശത്തെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും വിമര്‍ശനമുണ്ട്. ഇത്തരം പ്രദേശങ്ങളില്‍ പ്രവേശിക്കുന്ന മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങളില്‍ നിന്ന് പിഴയീടാക്കാനാണ് ഈ നിര്‍ദേശത്തില്‍ പറയുന്നത്.

യുകെയിലെ ഏറ്റവും മലിനീകരിക്കപ്പെടുന്ന നഗരങ്ങളിലായിരിക്കും ഈ സോണുകള്‍ സ്ഥാപിക്കുക. ഡീസല്‍ കാറുകള്‍ ഉപേക്ഷിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കാനായി ഒരു സ്‌ക്രാപ്പേജ് പദ്ധതി നടപ്പിലാക്കണമെന്നു നിര്‍ദേശവും ഉയര്‍ന്നിരുന്നു. ലിവര്‍പൂള്‍, ലീഡ്‌സ്, ബര്‍മിംഗ്ഹാം, സൗത്താംപ്ടണ്‍, ലെസ്റ്റര്‍, ഓക്‌സഫോര്‍ഡ് തുടങ്ങിയ നഗരങ്ങളിലെ കൗണ്‍സിലുകളാണ് ഈ ആവശ്യങ്ങള്‍ ഉന്നയിക്കുന്നത്. ഇവ ആവശ്യപ്പെട്ട് മൈക്കിള്‍ ഗോവിന് കൗണ്‍സിലുകള്‍ കത്തെഴുതി.