സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ബ്രിട്ടണിലെ സ്കൂളുകളിൽ ഉള്ള ഏകദേശം 1.3 മില്യൺ കുട്ടികൾക്ക് ഇനി സൗജന്യ ഭക്ഷണ വൗച്ചറുകൾ ലഭിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോൾ താരം ഇരുപത്തിരണ്ടുകാരനായ മാർക്കസ് റാഷ്‌ഫോർഡിന്റെ പ്രചാരണങ്ങളെ തുടർന്നാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു നീക്കം. ഈയൊരു നടപടിയെ സ്വാഗതം ചെയ്യുന്നതായി മാർക്കസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദാരിദ്ര്യ നിർമാർജനത്തിന് മാർക്കസ് ചെയ്യുന്ന പ്രയത്നങ്ങളെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ അഭിനന്ദിച്ചു. ലോക്ക്ഡൗൺ സമയത്ത് അർഹരായ കുടുംബങ്ങളിലെ കുട്ടികൾക്ക് ഗവൺമെന്റ് സൗജന്യഭക്ഷണം ഏർപ്പെടുത്തിയിരുന്നു. ഇതു മുന്നോട്ടു നീട്ടി കൊണ്ടു പോകുവാൻ ആദ്യം ഗവൺമെന്റ് തീരുമാനിച്ചിരുന്നില്ല. ഇതേതുടർന്നാണ് മാർക്കസ് ഈ പദ്ധതിയുമായി മുന്നോട്ടു പോകണമെന്ന നിർദ്ദേശവുമായി പ്രധാനമന്ത്രിക്കും എംപിമാർക്കും തുറന്ന കത്തെഴുതിയത്. ഇതിനുശേഷമാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഈ പദ്ധതി നീട്ടിയതായി പ്രഖ്യാപിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രധാനമന്ത്രിയുമായി താൻ ഫോണിൽ സംസാരിച്ചുവെന്നും, പ്രധാനമന്ത്രിയുടെ തീരുമാനത്തിൽ വളരെ സന്തോഷമുണ്ടെന്നും മാർക്കസ് മാധ്യമങ്ങളോട് പറഞ്ഞു. സാധാരണ ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുവാൻ സാധിച്ചതിൽ തനിക്ക് അഭിമാനമുണ്ട്. തുടർന്ന് തന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുമെന്ന് മാർക്കസ് പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ സാധാരണക്കാർ ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയമാണ്. അതിനാൽ കുട്ടികൾക്ക് സൗജന്യ ഭക്ഷണം നൽകുന്നത് അത്യന്താപേക്ഷിതമാണെന്ന് മാർക്കസ് അഭിപ്രായപ്പെട്ടു. സ്കോട്ട്‌ലൻഡിലും, വെയിൽസിലും ഈ പദ്ധതി മുന്നോട്ടു കൊണ്ടുപോകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.