ന്യൂസ് ഡെസ്ക്, മലയാളം യുകെ

കാർ ഇൻഷുറൻസിൽ വൻ വാർധനവ് വന്നതായുള്ള കണക്കുകൾ പുറത്തുവന്നു. അസോസിയേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഷുറേഴ്സിൻ്റെ (എബി ഐ) കണക്കുകൾ പ്രകാരം ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ കാർ ഇൻഷുറൻസിൽ മൂന്നിലൊന്ന് (33 ശതമാനം ) വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. ഇത് നേരത്തെ ഉള്ളതുമായി താരതമ്യം ചെയ്യുമ്പോൾ 157 പൗണ്ട് കൂടുതലാണ്.


കാർ ഇൻഷുറൻസിലെ വർദ്ധനവ് സാധാരണക്കാരന്റെ നടുവൊടിക്കുന്ന നടപടിയാണെന്ന വിമർശനം രൂക്ഷമാണ്. 2023 ൻ്റെ ആദ്യപാദത്തിൽ ശരാശരി പ്രീമിയം 478 പൗണ്ട് ആയിരുന്നെങ്കിൽ 2024 – ൽ അത് 635 പൗണ്ടായി ആണ് ഉയർന്നിരിക്കുന്നത്. രാജ്യത്ത് പണപ്പെരുപ്പം കുറഞ്ഞെങ്കിലും ഇത് കാർ ഇൻഷുറൻസ് ചിലവ് കുറയുന്നതിനെ സഹായകരമായിട്ടില്ലെന്നാണ് എ ബി ഐ പറയുന്നത്. അതായത് വാഹനങ്ങളുടെ അറ്റകുറ്റ പണികൾ, മോഷണം നടക്കുന്നത് മൂലമുള്ള ചിലവുകൾ, റീപ്ലേസ് ചെയ്യുക തുടങ്ങിയ ചിലവുകൾ കൂടിവരുന്നതാണ് കാർ ഇൻഷുറൻസ് പോളിസി കൂടാൻ കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.

കഴിഞ്ഞവർഷം വിറ്റഴിച്ച 28 മില്യൺ പോളിസികളും ക്ലെയിമുകളും വിലയിരുത്തിയാണ് പുതിയ വിശകലനം പുറത്തുവിട്ടിരിക്കുന്നത്. പെയിന്റിന്റെയും മറ്റ് അസംസ്കൃത സാധനങ്ങളുടെയും വില കൂടിയത് , സെക്കൻഡ് ഹാൻഡ് കാറുകളുടെ വർദ്ധിച്ച വിലവർദ്ധനവ് എന്നിവയുൾപ്പെടെ ഒട്ടേറെ ഘടകങ്ങൾ കാർ ഇൻഷുറൻസിന്റെ ചിലവ് വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ടെന്നാണ് ഇൻഷുറൻസ് കമ്പനികൾ പറയുന്ന ന്യായം . മോട്ടോർ ഇൻഷുറൻസിന്റെ ചിലവുകൾ കുറയ്ക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കാമെന്നതിനെ കുറിച്ച് ഫെബ്രുവരിയിൽ എ ബി ഐ ചർച്ചകൾ നടത്തിയിരുന്നു. ഇൻഷുറൻസിന്റെ ചിലവ് കൂടിയതിന്റെ പേരിൽ ബുദ്ധിമുട്ടുന്ന ഉപഭോക്താക്കൾ അവരുടെ ഏജന്റുമായി സംസാരിക്കാനാണ് എബി ഐ ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത്.