ഇനി മുതൽ പൊതുജലാശയങ്ങളിൽ നിന്നും കരിമീൻ വിത്ത് ശേഖരിച്ച് വിറ്റഴിക്കാനാകില്ല. പൊതുജലാശയങ്ങളിൽനിന്ന് പിടിക്കാവുന്ന കരിമീന് കുറഞ്ഞത് 10 സെന്റിമീറ്റർ നീളം വേണമെന്ന് നിശ്ചയിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കി.

മത്സ്യവിത്ത് ഉത്പാദനത്തിന്റെ ഗുണമേന്മ ഉറപ്പാക്കുകയും വിപണനവും സംഭരണവും നിയന്ത്രിക്കുകയുമാണ് വിജ്ഞാപനത്തിന്റെ ലക്ഷ്യം. പൊതുജലാശയങ്ങളിൽനിന്ന് വ്യാപകമായി കരിമീൻവിത്ത് ശേഖരിച്ച് വ്യാവസായികാടിസ്ഥാനത്തിൽ വിൽക്കുന്നുവെന്ന പരാതികളെ തുടർന്നാണ് നടപടി. മറ്റ് മീനുകളെ അപേക്ഷിച്ച് പ്രത്യുത്പാദനക്ഷമത കുറവാണെന്നതും കരിമീന് വെല്ലുവിളിയാണ്.

മീനിന്റെ വായ് മുതൽ വാൽ വരെയുള്ള നീളം 10 സെന്റിമീറ്റർ ആയിരിക്കണം. സംസ്ഥാനത്തിന്റെ ഔദ്യോഗിക മീനായ കരിമീനിന്റെ ചെറിയ മീനുകളെ പിടിക്കുന്നവർക്ക് പിഴശിക്ഷ, ലൈസൻസ് റദ്ദാക്കൽ, ക്ഷേമനിധി തുടങ്ങിയ സർക്കാർ ആനൂകൂല്യങ്ങൾ റദ്ദാക്കൽ തുടങ്ങിയ നടപടികൾ നേരിടേണ്ടിവരും.

നിലവിൽ ഇക്കാര്യം കരിമീനിന് മാത്രമാണ് ബാധകമെങ്കിലും വരാൽ, കാരി, മഞ്ഞക്കൂരി തുടങ്ങിയ ഉൾനാടൻ മീനുകളുടെയും പിടിക്കാവുന്ന ചുരുങ്ങിയ നീളം നിശ്ചയിച്ച് ഉടനെ വിജ്ഞാപനം പുറത്തിറങ്ങുമെന്ന് കൊല്ലത്തെ സംസ്ഥാന മത്സ്യവിത്ത് കേന്ദ്രം അധികൃതർ അറിയിച്ചു.

കരിമീന് വലിയ വിപണിസാധ്യതയുള്ളതിനാൽ വൻതോതിൽ പിടിക്കുകയും അമിതചൂഷണം നേരിടുകയും ചെയ്യുന്ന സ്ഥിതിയുണ്ടെന്ന് ഫിഷറീസ് ജോയിന്റ് ഡയറക്ടറും കൊല്ലത്തെ സംസ്ഥാന മത്സ്യവിത്ത് കേന്ദ്രത്തിന്റെ മെമ്പർ സെക്രട്ടറിയുമായ എച്ച് സലീം പറഞ്ഞു.