ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഫോർമുല വൺ ലണ്ടനിലേക്ക് എത്തുന്നു. റോയൽ ഡോക്കിൽ പുതിയ ഈസ്റ്റ് എൻഡ് സർക്യൂട്ട് നിർമ്മിക്കാനുള്ള പദ്ധതികൾക്ക് മേയർ സാദിഖ് ഖാൻ പൂർണ്ണ പിന്തുണ നൽകി. ഇതോടെ സിൽവർസ്റ്റോൺ സർക്യൂട്ടിൽ നടക്കുന്ന ബ്രിട്ടീഷ് ഗ്രാൻഡ്പ്രീയ്ക്ക് പുറമേ ലണ്ടൻ സർക്യൂട്ടിലും മത്സരം നടക്കും. യുഎസ് നിക്ഷേപ സ്ഥാപനമായ 777 പാർട്ണേഴ്സ്‌ യുകെ സ്‌പോർട്‌സ് ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കുകയാണ്. റോയൽ ഡോക്ക്സിൽ ഫോർമുല വൺ നടത്താനുള്ള പദ്ധതികൾ രണ്ട് വർഷങ്ങൾക്ക് മുമ്പേ ആരംഭിച്ചതാണ്. ഒരു പുതിയ കായിക വിനോദ സമുച്ചയം കൂടി രൂപം കൊള്ളുന്നതോടെ മത്സരാവേശങ്ങൾ ഇരട്ടിയാകും.

WhatsApp Image 2024-12-09 at 10.15.48 PM

സർക്യൂട്ട് നിർമ്മിക്കാനുള്ള ധനസഹായം ഉറപ്പാക്കിയിട്ടുണ്ട്. ഒരു വർഷം തന്നെ യുകെയിൽ രണ്ട് മത്സരങ്ങൾ സംഘടിപ്പിനാനുള്ള ശ്രമങ്ങളും ആരംഭിച്ചു കഴിഞ്ഞു. കോവിഡ് കാരണം പദ്ധതി വൈകിയെങ്കിലും സാദിഖ് ഖാൻ പിന്തുണച്ചതോടെ പുതിയ സർക്യൂട്ട് യാഥാർഥ്യമാവുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ.

പരിസ്ഥിതി പ്രശ്നങ്ങളെ മുന്നിൽ കണ്ടുകൊണ്ട്, ലണ്ടൻ ഗ്രാൻഡ്പ്രീ ‘കാർബൺ ന്യൂട്രൽ ഇവന്റ്’ ആയിരിക്കുമെന്ന അഭിപ്രായം മേയർ മുന്നോട്ട് വച്ചു. ഏഴ് തവണ ലോക ചാമ്പ്യനായ ലൂയിസ് ഹാമിൽട്ടൺ ആണ് ഫോർമുല വണ്ണിന്റെ മുഖ്യ ആകർഷണം. 2020ൽ, ഏഴാമത് ഫോർമുല വൺ ലോകകിരീടം നേടി ഇതിഹാസ താരം മൈക്കിള്‍ ഷൂമാക്കറിന്റെ റെക്കോഡിനൊപ്പമെത്താൻ ഈ ബ്രിട്ടീഷുകാരന് സാധിച്ചു. 2024 വരെ കരാറുള്ള സിൽവർ‌സ്റ്റോണിലെ ബ്രിട്ടീഷ് ഗ്രാൻഡ്പ്രീയ്ക്ക് ഈ പദ്ധതി ഭീഷണിയായി മാറില്ലെന്നാണ് വിലയിരുത്തൽ.