ന്യൂസ് ഡെസ്ക് , മലയാളം യുകെ

കൊറോണ വൈറസ് മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി പഠനം പൂർത്തിയാക്കിയവരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്ന് റെസലൂഷൻ ഫൗണ്ടേഷൻ തിങ്ക് ടാങ്ക് പഠനറിപ്പോർട്ട്. യുവജനങ്ങളുടെ തൊഴിൽ ഇല്ലായ്മ ഈവർഷം 6,40,000 ആയി ഉയർന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. അതിനാൽ തൊഴിൽ അന്വേഷിക്കുന്നവരെ സഹായിക്കുന്ന ക്യാമ്പയിൻ ആരംഭിച്ചതായി സർക്കാർ അധികൃതർ വ്യക്തമാക്കിയിരുന്നു .

‌ വിദ്യാഭ്യാസത്തിനുശേഷം ജോലി തേടുന്നവർക്ക് ഈ ലോക് ഡൗൺ വലിയൊരു തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ഇതിനിടെ കൊറോണയെ തുടർന്ന് അപ്രന്റീസ്ഷിപ്പ് നിർത്താനുള്ള തീരുമാനം പല കമ്പനികളും എടുത്തുകഴിഞ്ഞു . ഔദ്യോഗിക റിപ്പോർട്ടുകൾ അനുസരിച്ച് ഏകദേശം 4,08,000 പേരാണ് നിലവിൽ തൊഴിലില്ലായ്മയ്ക്ക് ഇരയായിരിക്കുന്നത്.

‌യുവജനങ്ങളെ സഹായിക്കുന്നതിനാവശ്യമായ പുതിയ പാക്കേജുകളുടെ ആവശ്യകതയും റിപ്പോർട്ട് ചൂണ്ടിക്കാട്ടി . ഇനി കുറച്ച് മാസങ്ങൾക്കുള്ളിൽ ഏകദേശം 8,00, 000 ചെറുപ്പക്കാരാണ് സ്കൂളുകളിൽ നിന്നും യൂണിവേഴ്സിറ്റികളിൽ നിന്നും പുറത്തുവരുന്നത്.

‌ 2009ൽ സമാനമായ രീതിയിൽ യുവജനങ്ങളുടെ തൊഴിലിനു ഭീഷണി ഉയർന്നപ്പോൾ സർക്കാർ ഫ്യൂച്ചർ ജോബ് ഫണ്ട് എന്ന പദ്ധതിക്ക് ആരംഭം കുറിച്ചിരുന്നു. ഇത് തൊഴിലുടമകൾക്ക് യുവജനങ്ങളെ സ്വീകരിക്കുന്നതിന് വേതന സബ്സിഡി നൽകുന്ന പദ്ധതിയായിരുന്നു.



‌ ജോലി കിട്ടാതിരിക്കുന്നതിനേക്കാളും നല്ലതാണ് ഇത്തരത്തിലുള്ള ആനുകൂല്യങ്ങൾ നൽകുന്നത് എന്നാണ് പൊതു അഭിപ്രായം. അതിനാൽ റെസലൂഷൻ ഫൗണ്ടേഷൻ ചൂണ്ടിക്കാണിച്ചതുപോലെ ഈ പ്രതിസന്ധി ലക്ഷക്കണക്കിനു യുവ ജീവിതത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഗവൺമെന്റ് അടിയന്തരമായി നടപടികൾ സ്വീകരിക്കേണ്ടതാണ്.

പെട്ടെന്നുണ്ടാകുന്ന തൊഴിലില്ലായ്മ യുവജനങ്ങളിൽ അരാജകത്വം സൃഷ്ടിക്കുമെന്ന് തിങ്ക് ടാങ്കിലെ ഗവേഷണ വിദഗ്ധ കാത്‌ലീൻ ഹെനെഹാൻ പറഞ്ഞു.കൊറോണ വൈറസ് പടരുന്ന ഈ കാലഘട്ടത്തിൽ ജോലിയിൽ പ്രവേശിക്കുന്ന യുവജനങ്ങളെ കാത്തിരിക്കുന്നത് കുറഞ്ഞ വേതനവും പരിമിതമായ തൊഴിൽ സാധ്യതകളും ആണെന്നത് വളരെ ദുഃഖകരമാണെന്ന് അവർ ചൂണ്ടിക്കാട്ടി. ഇതിനുള്ള ഏക പരിഹാരമാർഗ്ഗം ഗവൺമെൻറിൻറെ പിന്തുണയും തൊഴിൽസാധ്യതകൾ സൃഷ്ടിക്കാനുള്ള നടപടികളുമാണ്.