ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ക്വാറന്റീൻ ഇല്ലാതെ ബ്രിട്ടീഷുകാർക്ക് സഞ്ചരിക്കാവുന്ന രാജ്യങ്ങളുടെ പൂർണ പട്ടിക പുറത്തിറക്കി. 12 രാജ്യങ്ങൾ മാത്രമാണ് ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. അസോറസ്, മഡെയ്‌റ, പോർച്ചുഗൽ എന്നിവ പ്രധാന അവധിക്കാല ഇടമാണ്. മെയ്‌ 17 മുതൽ ബ്രിട്ടീഷുകാർക്ക് ഇവിടേയ്ക്ക് സഞ്ചരിക്കാൻ അനുവാദമുണ്ട്. വിദേശ യാത്രകൾ വീണ്ടും നിയമവിധേയമാകും. ജിബ്രാൾട്ടർ, ഇസ്രായേൽ, ഐസ്‌ലാന്റ്, ഫറോ ദ്വീപുകൾ, സിംഗപ്പൂർ, ബ്രൂണൈ, ന്യൂസിലാന്റ്, ഓസ്‌ട്രേലിയ എന്നിവയും ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഫോക്ലാന്റ്സ്, സൗത്ത് ജോർജിയ, സൗത്ത് സാൻഡ്‌വിച്ച് ദ്വീപുകൾ, സെന്റ് ഹെലീന, അസൻഷൻ ദ്വീപ്, ട്രിസ്റ്റൻ ഡാ കുൻഹ എന്നീ സ്ഥലങ്ങളിലേക്കും യാത്ര ചെയ്യാം.

ഹരിത പട്ടികയിൽ‌ ഉണ്ടെങ്കിലും ആളുകൾ‌ക്ക് ഓസ്‌ട്രേലിയയിലേയ്ക്കോ ന്യൂസിലാന്റിലേയ്ക്കോ സിംഗപ്പൂരിലേയ്ക്കോ അവധിക്കാലം ആഘോഷിക്കാനായി പോകാൻ‌ കഴിയില്ല. കാരണം അവ യുകെ ടൂറിസ്റ്റുകൾ‌ക്കായി അടച്ചിട്ടിരിക്കുകയാണ്.

സ്‌കോട്ട്‌ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവ തങ്ങളുടെ കർശന യാത്രാ നിയന്ത്രണങ്ങൾ എപ്പോൾ ലഘൂകരിക്കുമെന്ന് പറഞ്ഞിട്ടില്ല. ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ്, പുതിയ യാത്രാ നിയമങ്ങളുടെ വിശദാംശങ്ങൾ ഡൗണിംഗ് സ്ട്രീറ്റ് പത്രസമ്മേളനത്തിലാണ് പുറത്തുവിട്ടത്. കോവിഡ് ആശങ്ക ഇപ്പോഴും നിലനിൽക്കുന്നതിനാൽ ഈ നടപടികൾ താത്കാലികമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യാത്രാ നിയന്ത്രണങ്ങൾ പരിശോധിച്ച ശേഷം മാത്രം വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് സ്ഥിതിഗതികൾ മാറിയാൽ റീഫണ്ട് ഉൾപ്പെടാത്ത യാത്രകൾ ബുക്ക് ചെയ്യരുതെന്നും അദ്ദേഹം അറിയിച്ചു.

ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിലേയ്ക്ക് പോയ യാത്രക്കാർക്ക് മടങ്ങിവരുമ്പോൾ ക്വാറന്റീൻ ആവശ്യമില്ല. പക്ഷേ അവരുടെ യാത്രയ്ക്ക് മുമ്പും ശേഷവും കോവിഡ് പരിശോധന നടത്തേണ്ടതുണ്ട്. കോവിഡ് കേസുകളുടെ എണ്ണവും വാക്സിൻ റോൾഔട്ടുകളുടെ വിജയവും അടിസ്ഥാനമാക്കി രാജ്യങ്ങളെ തരം തിരിച്ചിട്ടുണ്ട്. കൂടുതൽ രാജ്യങ്ങളെ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് ഷാപ്പ്സ് മുന്നറിയിപ്പ് നൽകി. എന്നാൽ ഓരോ മൂന്നാഴ്ച കൂടുമ്പോഴും ട്രാഫിക് ലൈറ്റ് സംവിധാനം അപ്ഡേറ്റ് ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.