ലണ്ടന്‍: കഴിഞ്ഞ മാസമുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ കത്തിയമര്‍ന്ന ഗ്രെന്‍ഫെല്‍ ടവര്‍ പ്രദേശവാസികള്‍ക്കു മുന്നില്‍ അപശകുനം പോലെ നില്‍ക്കുന്നു. ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മ എന്നും ഉയര്‍ത്തുന്ന ടവര്‍ ടാര്‍പോളിന്‍ ഉപയോഗിച്ച് മറയ്ക്കാന്‍ ഇതോടെ സര്‍ക്കാര്‍ ആലോചന തുടങ്ങിയിട്ടുണ്ട്. ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ ദൈനംദിന കാഴ്ച മറയ്ക്കാന്‍ പ്രദേശവാസികള്‍ അഭ്യര്‍ത്ഥിച്ചതോടെ എത്രയും വേഗം ടവര്‍ ടാര്‍പോളിന്‍ ഉപയോഗിച്ച് മറയ്ക്കാനാണ് ഗ്രെന്‍ഫെല്‍ റെസ്‌പോണ്‍സ് ടീമിന്റെ പദ്ധതി.

എന്നാല്‍ ഇപ്പോള്‍ കെട്ടിടത്തിനുള്ളില്‍ നടക്കുന്ന തെരച്ചില്‍ പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കുമോ എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. മെട്രോപോളിറ്റന്‍ പോലീസ് സര്‍വീസും ലണ്ടന്‍ ഫയര്‍ ബ്രിഗേഡുമാണ് തെരച്ചില്‍ നടത്തുന്നത്. ഇവരുടെ അഭിപ്രായം ഈ വിഷയത്തില്‍ നിര്‍ണായകമാണ്. കെട്ടിടത്തിന് ആവരണം ഇടാനും സംരക്ഷിക്കാനുമുള്ള മാര്‍ഗങ്ങളേക്കുറിച്ച് അധികൃതര്‍ ആലോചിച്ചു വരികയാണെന്ന് ജിആര്‍ടി പ്രതിനിധി ഹിലരി പട്ടേല്‍ അറിയിച്ചു.

എന്നാല്‍ തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഒക്ടോബറില്‍ മാത്രമേ ഇതിന് സാധ്യതയുള്ളു എന്നാണ് അവര്‍ വ്യക്തമാക്കിയത്. ഇപ്പോള്‍ കെട്ടിടത്തിന് ആവരണം ഇടുന്നത് ഉള്ളിലെ ഈര്‍പ്പവും മറ്റും വര്‍ദ്ധിപ്പിക്കുമെന്നും അത് അന്വേഷണത്തിന് തടസം സൃഷ്ടിക്കുമെന്നും വിശദീകരിക്കപ്പെടുന്നു. സ്‌കാഫോള്‍ഡിംഗ് നടത്തുന്നതും തെരച്ചിലിനെ ബാധിക്കുമെന്നാണ് വ്യക്തമാക്കുന്നത്.