ലണ്ടന്‍: ഗ്രെന്‍ഫെല്‍ഡ് തീപ്പിടിത്തത്തില്‍ താമസസ്ഥലം നഷ്ടമായവര്‍ക്ക് കെന്‍സിംഗ്ടണിലും പരിസരങ്ങളിലുമുള്ള പ്രൈവറ്റ് പ്രോപ്പര്‍ട്ടികള്‍ പിടിച്ചെടുത്ത് നല്‍കണമെന്ന നിര്‍ദേശം പ്രധാനമന്ത്രി തള്ളി. പരിസരത്തുള്ള ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ ഇവര്‍ക്ക് നല്‍കണമെന്ന് ജെറമി കോര്‍ബിനാണ് നിര്‍ദേശിച്ചത്. സ്വകാര്യ പ്രോപ്പര്‍ട്ടികള്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചത്. ബറോയിലും പരിസരങ്ങളിലുമായി ഇവരെ പുനരധിവസിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നാണ് വിശദീകരണം.

പ്രധാനമന്ത്രിയുടെ പദ്ധതിയേക്കാള്‍ ജനങ്ങള്‍ കൂടുതല്‍ പിന്തുണ പ്രഖ്യാപിച്ചത് പ്രതിപക്ഷ നേതാവിന്റെ പദ്ധതിക്കായിരുന്നു. ഇപ്പോഴും നിരവധിയാളുകള്‍ താമസസാകര്യമില്ലാതെ വലയുകയാണ്. ഏറ്റവും ദരിദ്രരായ ജനങ്ങള്‍ താമസിക്കുന്ന പ്രദേശത്താണ് തീപ്പിടിത്തമുണ്ടായിരിക്കുന്നത്. അതിന് ഇരയായവരെ അതേ പ്രദേശത്ത് തന്നെയാണ് പുനരധിവസിപ്പിക്കേണ്ടതെന്നായിരുന്നു കോര്‍ബിന്‍ ആവശ്യപ്പെട്ടത്. വീട് നഷ്ടപ്പെട്ടവര്‍ തെരുവില്‍ അലയുമ്പോള്‍ ലക്ഷ്വറി ഫ്‌ളാറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇരകള്‍ക്കൊപ്പം ചെലവഴിക്കാനും കോര്‍ബിന്‍ സമയം കണ്ടെത്തിയപ്പോള്‍ സ്ഥലം സന്ദര്‍ശിക്കാനോ ആദ്യഘട്ടത്തില്‍ ഇരകളെ കാണാനോ തയ്യാറാകാതിരുന്ന തെരേസ മേയ് വിമര്‍ശനം ഏറ്റുവാങ്ങുകയും ചെയ്തു. മൂന്നാഴ്ചയ്ക്കുള്ളില്‍ ടവറില്‍ താമസിച്ചിരുന്നലവര്‍ക്ക് വീടുകള്‍ കണ്ടെത്താമെന്നാണ് മേയ് നല്‍കിയിരിക്കുന്ന വാഗ്ദാനം. തീപ്പിടിത്തത്തില്‍ അന്വേഷണത്തിനായി ഒരു ജഡ്ജിയെ നിയമിക്കുമെന്നും ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി.