ഗള്‍ഫ് മേഖലയില്‍ തങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഭീഷണി സൃഷ്ടിച്ചാല്‍ യുഎസ്സിന്റെ യുദ്ധക്കപ്പലുകള്‍ തകര്‍ക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ഹൊസ്സെയ്ന്‍ സലാമി സ്റ്റേറ്റ് ടിവിയിലാണ് ഇക്കാര്യം പറഞ്ഞത്. യുഎസ് കപ്പലുകളെ ഇറാന്‍ ശല്യം ചെയ്യുന്നതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. യുഎസ് കപ്പലുകളെ ശല്യം ചെയ്യുന്ന ഇറാന്‍ കപ്പലുകളെ ആക്രമിച്ച് നശിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും ട്രംപ് പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു റെവല്യൂഷണറി ഗാര്‍ഡ് മേധാവി.
കോവിഡ് വലിയ തോതില്‍ മരണമുണ്ടാക്കിയ ഇറാനുള്ള സഹായങ്ങള്‍ തടയാന്‍ യുഎസ് നടത്തിയ ഇടപെടലും വിവാദമായിരുന്നു. മേഖലയില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ തുടരുന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് യുഎസ്സിന്റേയും ഇറാന്റേയും പ്രസ്താവനകള്‍. പേര്‍ഷ്യന്‍ ഗള്‍ഫില്‍ ഇറാന്റെ സൈനിക, സൈനികേതര കപ്പലുകള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്ന ഏതൊരു അമേരിക്കന്‍ ഭീകര സേനയേയും തകര്‍ക്കാന്‍ ഞാന്‍ ഞങ്ങളുടെ നാവികസേനയ്ക്ക് ഉത്തരവ് നല്‍കിയിട്ടുണ്ട് – ഹൊസൈനി സലാമി പറഞ്ഞു.
ഇറാന്റെ 11 നേവി കപ്പലുകള്‍ യുഎസ് നേവി കപ്പലുകള്‍ക്കടുത്തേയ്ക്ക് വന്ന് പ്രകോപനമുണ്ടാക്കിയതായി യുഎസ് മിലിട്ടറി ഈ മാസമാദ്യം ആരോപിച്ചിരുന്നു. വളരെ അപകടകരവും പ്രകോപനപരവുമാണ് ഇറാന്റെ നീക്കമെന്നാണ് യുഎസ് മിലിട്ടറി പറഞ്ഞത്. 2015ൽ ബറാക്ക് ഒബാമ പ്രസിഡൻ്റ് ആയിരിക്കെ യുഎസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ ഇറാനുമായുണ്ടാക്കിയ ആണവകരാറിൽ നിന്ന് 2018ൽ ട്രംപ് ഏകപക്ഷീയമായി പിന്മാറിയിരുന്നു. ഇറാന് മേൽ വീണ്ടും ശക്തമായ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് മൂതൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയും കഴിഞ്ഞവർഷം ഹോർമുസ് കടലിടുക്കിലെ നീക്കങ്ങൾ ഒരു യുദ്ധത്തിൻ്റെ വക്കിലോളം കാര്യങ്ങളെത്തിക്കുകയും ചെയ്തിരുന്നു. ബ്രിട്ടീഷ്, ഇറാൻ നാവികസേനകൾ പരസ്പരം കപ്പലുകൾ പിടിച്ചെടുത്തിരുന്നു.
കോവിഡ് മൂലം ഇറാനിൽ ഇതുവരെ 5487 പേരാണ് മരിച്ചത്. 87026 പോസിറ്റീവ് കേസുകൾ വന്നു. യുഎസ്സിലാകട്ടെ ഇതുവരെ 8,49,092 പോസിറ്റീവ് കേസുകൾ വരുകയും 47684 പേർ മരിക്കുകയും ചെയ്തു.
Leave a Reply