ഡോ. ഐഷ വി

ഒരു ഉത്പന്നത്തിന്റെ ഈട് എത്ര നാൾ നിലനിൽക്കും എന്നത് വളരെ പ്രസക്തിയുള്ള കാര്യമാണ്. അത് ഓരോ തലമുറയിൽപെട്ടവർക്കും വളരെ വ്യത്യസ്തമായ കാലയളവാണ്. അര നൂറ്റാണ്ട് മുമ്പ് ജീവിച്ചിരുന്നവർക്ക് അവർ ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ ദീർഘകാലം നിലനിൽക്കണം , ഉപയോഗിക്കാൻ പറ്റണം എന്ന ആഗ്രഹമുള്ളവരായിരുന്നു. വസ്ത്രങ്ങളുടെ കാര്യമെടുത്താലും നമുക്ക് കാണാൻ കഴിയുന്നത് അങ്ങനെയാണ്. രണ്ടോ മൂന്നോ ജോഡി കുപ്പായങ്ങൾ മാത്രമേ ആ തലമുറയ്ക്ക് ഉണ്ടായിരുന്നുള്ളൂവെങ്കിലും അവർ അത് അലക്കിതേച്ച് ശുഭ്ര വസ്ത്രധാരിയായി നടക്കുമായിരുന്നു.

പിന്നീടുള്ള തലമുറകൾക്ക് സാമ്പത്തികശേഷി കൂടി വന്നപ്പോൾ അവരുടെ ആവശ്യങ്ങളിൽ മാറ്റമുണ്ടായി. പലപ്പോഴും അവർ മാറ്റങ്ങൾ ആഗ്രഹിച്ചു. ഉത്പാദകർ പരസ്യങ്ങളിലൂടെ അവരെ പ്രലോഭിപ്പിച്ചു കൊണ്ടേയിരുന്നു. പതിയെ പതിയെ ഒരു ഉപഭോക്തൃ സംസ്കാരം നിലവിൽ വന്നു. മാത്രമല്ല ഉപയോഗിച്ച് വലിച്ചെറിയുന്ന സംസ്കാരവും പിന്നാലെ വന്നു. കമ്പനികൾക്ക് കൂടുതൽ ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുക, വിൽക്കുക, ലാഭം കൂട്ടുക, പുതുമയുള്ള ഉത്പന്നങ്ങൾ വീണ്ടുമുണ്ടാക്കുക എന്നതായി ലക്ഷ്യം. ഉപഭോക്താക്കൾക്ക് സാധനങ്ങൾ വാങ്ങുക ഉപയോഗിക്കുക, കളയുക, വീണ്ടും പുതുമയുള്ളത് വാങ്ങുക എന്നിങ്ങനെയായി . ഈ സംസ്കാരം ലോകമെമ്പാടും മാലിന്യ കൂമ്പാരമാകാനും ഇടയാക്കി. മൊബൈൽ ഫോണും ഇലക് ട്രോണിക് ഉപകരണങ്ങളും സൃഷ്ടിച്ച ഇലക്ട്രോണിക് മാലിന്യങ്ങളും ചില്ലറയല്ല. ടെക്നോളജി മാറുന്നതനുസരിച്ച് പുതിയവയിലേയ്ക്ക് മാറുന്നതും നല്ലതു തന്നെയാണ്. വേഗതയും സൗകര്യവും ഉറപ്പാക്കാൻ അതിലൂടെ കഴിയുന്നു.

നമുക്ക് നമ്മുടെ പ്രാഥമിക ആവശ്യങ്ങളായ ഭക്ഷണം വസ്ത്രം പാർപ്പിടം എന്നിവയുടെ കാര്യത്തിൽ സ്വയം പര്യാപ്തമാകേണ്ടതുണ്ട്. അതിൽ നമുക്ക് വസ്ത്രത്തിന്റെ കാര്യമെടുക്കാം. പഴയ തലമുറ ഒരു കീറൽ തുണിയിൽ വന്നാൽ തക്കസമയത്ത് തയ്ച്ച് 9 എണ്ണം വാങ്ങാനുള്ള കാശ് ലാഭിക്കാമെന്ന പഴമൊഴി യാഥാർത്ഥ്യമായവരായിരുന്നു. ഗാന്ധിജിയാകട്ടെ എല്ലാവർക്കും വസ്ത്രo വേണമെന്നും അക്കാര്യത്തിൽ നമ്മൾ സ്വയം പര്യാപ്തമാകണമെന്ന ആദർശ ധീരനും. ചർക്കയിൽ നൂൽ നൂറ്റ് വസ്ത്രം നെയ്തെടുത്ത് തന്റെ ജീവിതം തന്നെ തന്റെ സന്ദേശമാക്കി മാറ്റി അദ്ദേഹം. സ്വതന്ത്ര ഭാരതത്തിൽ ധാരാളം തുണിമില്ലുകൾ ഉണ്ടാകുകയും ഉത്പാദനം വർദ്ധിക്കുകയും ചെയ്തു. എന്നാൽ ഗുണമേന്മയുടേയും ഈടു നിൽക്കുന്നതിന്റേയും കാര്യത്തിൽ പലതും പിന്നോക്കമായി.

ഓണത്തിനും ക്രിസ്തുമസിനും വിഷുവിനും പെരുന്നാളിനും പിറന്നാളിനും പലരും വസ്ത്രങ്ങൾ വാങ്ങാറുണ്ട്. മോടി മങ്ങാതെ ഒരു വർഷമെങ്കിലും നന്നായി നിലനിൽക്കുന്ന വസ്ത്രങ്ങൾ നന്നേ കുറവ്. ഉപഭോക്താക്കളുടെ വാങ്ങാനുള്ള ആസ്തി വർദ്ധിച്ചപ്പോൾ ആരും അതേ പറ്റി ചിന്തിക്കുകയോ പരാതിപ്പെടുകയോ ചെയ്യാതായി. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഓണക്കോടി വാങ്ങി ഒരു ഓട്ടോയിൽ വീട്ടിലേയ്ക്ക് വരുമ്പോൾ ഓട്ടോ ഡ്രൈവർ പറയുകയാണ്. ” ഇപ്പോൾ വസ്ത്രങ്ങൾ വാങ്ങിയാൽ ഒന്നു കഴുകുമ്പോഴേയ്ക്കും അത് പഴയതാകും” . ഞാനും ആലോചിച്ചപ്പോൾ കാര്യം ശരിയാണ്.

എന്റെ കുട്ടിക്കാലത്ത് അച്ഛൻ അമ്മയ്ക്ക് ഒരു സാരി വാങ്ങി കൊടുത്തു. അമ്മ അതുടുത്ത് സ്കൂളിൽ പിറ്റിഎ മീറ്റിംഗിനും മറ്റും വന്നിട്ടുള്ളപ്പോൾ എന്റെ കൂട്ടുകാരികൾ ” നല്ല സാരി” എന്ന് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ആ സാരി അമ്മ എനിക്ക് തന്നു. ഇന്നും ഞാനത് ഉപയോഗിക്കുന്നു. അലക്കുകല്ലിലും വാഷിംഗ്‌ മെഷീനിലും വർഷങ്ങളോളം കഴുകിയിട്ടും അതിന്റെ നിറത്തിലും ഗുണത്തിലും തെല്ലും കുറവുവന്നില്ല. നൂലിഴകൾ പൊങ്ങിയില്ല. പൊടിഞ്ഞില്ല. ചുരുങ്ങിയില്ല. നീണ്ടതുമില്ല. ഈർപ്പം വലിച്ചെടുക്കുകയും ആവശ്യത്തിന് ചൂടും തണുപ്പും നൽകുകയും ചെയ്യുന്നു. വായു സഞ്ചാരം ഉറപ്പാക്കുക കയും ചെയ്യുന്നു. ഈ സാരി വാങ്ങിയതിന് ശേഷം വാങ്ങിയ മറ്റൊരു വസ്ത്രവും ഇത്രയും ഗുണമേന്മയോടെ നിന്നിട്ടില്ല.

അര നൂറ്റാണ്ട് പ്രായമായിട്ടും പച്ച, മഞ്ഞ, വയലറ്റ് നിറങ്ങളിലുള്ള ഡിസൈനുകൾ വർണ്ണാഭമായി നിൽക്കുന്നു. ഞാനിക്കാര്യം അത്ര ശ്രദ്ധിച്ചിരുന്നില്ല. ആറേഴ് വർഷം മുമ്പ് ഒരു ദിവസം കോളേജിൽ പഠിച്ചപ്പോഴുള്ള കൂട്ടുകാരി കനകലത ബസ്സ്റ്റോപ്പിൽ വച്ച് എന്നെ ഇതേ സാരിയിൽ കണ്ടപ്പോൾ എന്നോട് ചോദിച്ചു: ” ഈ സാരി ഇപ്പോഴും ചീത്തയായില്ലേ ?” അന്ന് രാത്രി ഞാൻ അച്ഛനോട് ചോദിച്ചു: ” ഈ സാരി എവിടെ നിന്നുമാണ് വാങ്ങിയത്? ” അച്ഛൻ പറഞ്ഞു: ” നാഷണൽ ടെക്സ്റ്റൈൽ കോർപറേഷനിൽ നിന്ന് .” ” ഈ സാരി ദീർഘ കാലം നിലനിന്നല്ലോ” എന്ന് ഞാൻ പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു: ” നാഷണൽ ടെക്സ്റ്റൈൽ കോർപറേഷന്റെ കിടക്കവിരികളും ഞാൻ വാങ്ങിയിട്ടുണ്ട്. അവയും ദീർഘകാലം നിലനിന്നു.” ഒരു “മെയ്ഡ് ഇൻ ഇൻഡ്യ ” ഗുണമേന്മയോടെ ഇത്ര കാലം നിലനിൽക്കണമെങ്കിൽ ഗുണമേന്മയുള്ള ഉത്പന്നം നമുക്ക് നിർമ്മിക്കാൻ അറിയാഞ്ഞിട്ടല്ല. കമ്പനിക്കാരും സർക്കാരും അതിനു വേണ്ടി ആർജ്ജവത്തോടെ ശ്രമിക്കാഞ്ഞിട്ടാണ്. പൂട്ടിപ്പോകുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ താങ്ങി നിർത്തി അതിലൂടെ ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ജനങ്ങളിലെത്തിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്. ഗുണമേന്മ നിലനിർത്തി ഉത്പന്നങ്ങൾ നിർമ്മിച്ചാൽ ഏത് ഉത്‌പന്നമായാലും ഭാരതത്തിലും പുറത്തും വിൽക്കാൻ പ്രയാസമുണ്ടാകില്ല. അങ്ങനെ ഒട്ടനവധി പേർക്ക് തൊഴിലും വരുമാനവും ലഭിക്കുന്നതിലൂടെ ഭാരതത്തിന്റെ സാമ്പത്തിക ശേഷി മെച്ചപ്പെടും . ഉപഭോക്താവിനും മുടക്കുന്ന കാശിന് ഗുണമുണ്ടാകും.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.