നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കക്ഷിചേരാന്‍  അഭിനേതാക്കളുടെ സംഘടനയിലെ  വനിതാ ഭാരവാഹികളായ രചനാ നാരായണന്‍കുട്ടിയും ഹണിറോസും.

കേസിന്റെ വിചാരണയ്ക്ക് വനിത ജഡ്ജി വേണം, വിചാരണ തൃശൂര്‍ ജില്ലയിലേക്ക് മാറ്റണം, രഹസ്യ വിചാരണ വേണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആക്രമണത്തിനിരയായ നടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് താരസംഘടനയിലെ വനിതാ പ്രാതിനിധ്യം എന്ന നിലയില്‍ നടിമാരും ഒപ്പം ചേര്‍ന്നിരിക്കുന്നത്.

കേസ് വിചരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹര്‍ജി സെഷന്‍സ് കോടതി തള്ളിയിരുന്നു.തുടര്‍ന്ന് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷിചേരാനാണ് അപേക്ഷ നല്‍കിയത്. കേസിന്റെ വിചാരണയ്ക്കായി പ്രത്യേകം കോടതി സ്ഥാപിക്കണമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസ് സമൂഹത്തില്‍ ഏറെ ഒച്ചപ്പാടുണ്ടാക്കിയ സംഭവമാണ്. മാത്രമല്ല, ഇരയുടെ സ്വകാര്യത നിലനിറുത്തുന്നതിന് വനിതാ ജഡ്ജി കേസ് പരിഗണിക്കുന്നതാണ് അഭികാമ്യമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.