കോവിഡ് ബാധിതർക്കായുള്ള ഗുജറാത്തിലെ സർക്കാർ ആശുപത്രി വാർഡിൽ മത വിവേചനം. അഹമ്മദാബാദ് സിവിൽ ആശുപത്രിയാണ് ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും പ്രത്യേകം വാർഡ് ഒരുക്കിയത്. സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരമാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
1200 ബെഡ്ഡുകളുള്ള ആശുപത്രിയിൽ, ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും പ്രത്യേകം വാർഡ് സജ്ജീകരിച്ചെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗുണവന്ദ് എച്ച് റാത്തോഡ് പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. എന്നാൽ സംഭവം ആരോഗ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായ നിതിൻ പട്ടേൽ നിഷേധിച്ചു.
ഹിന്ദുക്കളെയും മുസ്ലിംകളെയും പ്രത്യേക വാർഡ് തിരിച്ചാണ് ചികിത്സിക്കുന്നതെന്ന് കോവിഡ് ബാധിതരും സാക്ഷ്യപ്പെടുത്തുന്നു. എ ഫോർ വാർഡിൽ ഉണ്ടായിരുന്ന 28പേരെ സി ഫോർ വാർഡിലേക്ക് മാറ്റി. എല്ലാവരും ഒരേ മതസ്ഥരായിരുന്നു. എന്തിനാണ് മാറ്റിയതെന്ന് അധികൃതർ വ്യക്തമാക്കിയില്ലെന്ന് ഇവർ പറയുന്നു.
രണ്ട് വിഭാഗങ്ങളുടെയും ആശ്വാസത്തിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തത് എന്നാണ് വാർഡിലെ ജീവനക്കാർ പറഞ്ഞെന്നും ഇവർ വ്യക്തമാക്കി. സാധാരണ, സ്ത്രീകൾക്കും പുരുഷൻമാർക്കും വേണ്ടി പ്രത്യേകം വാർഡ് തയ്യാറാക്കാറുണ്ട്. എന്നാൽ ഇത്തവണ മുസ്ലിംകൾക്കും ഹിന്ദുക്കൾക്കും പ്രത്യേകം വാർഡ് തയ്യാറാക്കിയെന്നും സൂപ്രണ്ട് പറഞ്ഞു.
Leave a Reply