ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള
എടത്വാ: ഗുജറാത്ത് പാഠപുസ്തകത്തിലെ യേശുക്രിസ്തുവിനെ കുറിച്ചുള്ള പരാമര്‍ശം മതസൗഹാര്‍ദ്ദം തകര്‍ക്കുവാന്‍ ഉള്ള ശ്രമമാണെന്ന് ഇന്ത്യന്‍ ക്രിസ്ത്യന്‍ പ്രോഗ്രസീവ് ഫോറം പ്രസ്താവിച്ചു. ഗുജറാത്തിലെ ഒന്‍പതാം ക്ലാസിലെ ഹിന്ദി പുസ്തകത്തിലാണ് പ്രകോപനപരമായ പരാമര്‍ശം ഉള്‍പ്പെട്ടിരിക്കുന്നത്. ഒന്‍പതാം ക്ലാസിലെ ഇന്ത്യന്‍ സംസ്‌കാരവുമായി ബന്ധപ്പെട്ടുള്ള ഗുരുശിഷ്യ ബന്ധത്തെക്കുറിച്ചുള്ള പാഠഭാഗത്താണ് വിവാദപരാമര്‍ശം. ക്രിസ്തുവിനെ ‘പിശാചായ യേശു’എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പക്ഷെ അതിന് തൊട്ടുമുന്‍പുള്ള വരിയില്‍ ‘ഭഗവാന്‍ രാമകൃഷ്ണന്‍’ എന്ന് വ്യക്തമായി അച്ചടിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഇത് അച്ചടി പിശക് ആകാന്‍ സാധ്യതയില്ല.
വിശ്വാസി സമൂഹത്തിന്റെ ആശങ്ക അകറ്റുവാന്‍ പുസ്തകങ്ങള്‍ പിന്‍വലിച്ച് പുതിയ പാഠപുസ്തകം വിതരണം ചെയ്യണമെന്ന ആവശ്യപ്പെട്ട ഇന്ത്യന്‍ ക്രിസ്ത്യന്‍ പ്രോഗ്രസീവ് ഫോറം ജനറല്‍ സെക്രട്ടറി ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള നാഷണല്‍ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സൈയിദ് ഗയറോള്‍ ഹസന്‍ റിസ്വിക്ക്, ഗുജറാത്ത് മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
Leave a Reply