ഗുര്‍മീത് റാം റഹീം കേരളത്തിലും തന്റെ വേരുകള്‍ വളര്‍ത്താന്‍ ലക്ഷ്യമിട്ടിരുന്നു. മൂന്നാറിലും കുമരകത്തും വാഗമണ്ണിലും കോടികളുടെ ഭൂസ്വത്ത് സ്വന്തമാക്കിയ ആള്‍ദൈവം ബിസിനസ് കൂടുതല്‍ വിപുലീകരിക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനായി കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഒന്നിലേറെ തവണ കേരളത്തിലെത്തി. സംസ്ഥാനത്തെ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരെ തന്റെ ശിഷ്യഗണത്തില്‍ ചേര്‍ക്കാനും അദേഹം ലക്ഷ്യമിട്ടിരുന്നു.
മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനെ തന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ വന്‍തുക വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിക്കുകയും ചെയ്തിരുന്നു. സിനിമയിലും ടിവി പരിപാടികളിലും നിറഞ്ഞുനില്ക്കുന്ന ഈ താരത്തെ മുന്‍നിരയില്‍ നിര്‍ത്തി ഒരു മലയാളം ചാനല്‍ ആരംഭിക്കാന്‍ ഗുര്‍മീതിന് പദ്ധതിയുണ്ടായിരുന്നു. എല്ലാ കാര്യങ്ങളും കൃത്യമായി മുന്നേറവെയാണ് ആള്‍ദൈവത്തിനെതിരേ ഒരു മലയാളം പത്രത്തില്‍ വാര്‍ത്ത വന്നത്. ഇയാളുടെ വാഗമണ്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ദുരൂഹതകളുണ്ടെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. ഇതോടെ നടന്‍ പിന്മാറുകയും ചെയ്തു. ഗുര്‍മീത് കേരളത്തില്‍ 6000 കോടി രൂപയുടെ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപത്തിനു 2015ല്‍ നീക്കം നടത്തിയതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മൂന്നുവര്‍ഷം മുന്‍പ് ഹരിയാന പോലീസ് സേനയുടെ വലയത്തില്‍ അദ്ദേഹം നടത്തിയ കേരള സന്ദര്‍ശനം വിവാദമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ആരെല്ലാമാണെന്ന കേരളത്തിന്റെ ചോദ്യത്തിനു ഹരിയാന പോലീസ് മറുപടി നല്‍കിയില്ല. ഇതേക്കുറിച്ചു കേരള സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തരവകുപ്പിനു കത്തയച്ചിരുന്നു. സ്വകാര്യ ബിസിനസ് താല്‍പര്യങ്ങള്‍ക്കു വേണ്ടി സന്ദര്‍ശനം നടത്തുന്നവര്‍ക്കു സുരക്ഷ ഒരുക്കാന്‍ സംസ്ഥാന പോലീസിനെ നിയോഗിക്കാന്‍ കഴിയില്ലെന്നു കേന്ദ്രത്തെയും കേരള സര്‍ക്കാര്‍ അറിയിച്ചു. ഇതര സംസ്ഥാന സേനകളുടെയോ സ്വകാര്യ സുരക്ഷാ ഏജന്‍സികളുടെയോ വലയത്തില്‍ കേരളം സന്ദര്‍ശിച്ചാല്‍ ഗുര്‍മീത് സിങ്ങിനൊപ്പമുള്ളവരുടെ മുഴുവന്‍ വിവരങ്ങളും കേരളത്തിനു മുന്‍കൂട്ടി നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു. കൊച്ചിയില്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ‘മ്യൂസിക് ഷോ’ നടത്താനും ഗുര്‍മീതിനു പദ്ധതിയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ മലയാളികള്‍ അസഭ്യവര്‍ഷം നടത്തിയതോടെ ഈ നീക്കവും ഉപേക്ഷിച്ചു.
Leave a Reply