ഗുര്‍മീത് റാം റഹീം സിങിനൊപ്പം കോടതിയില്‍ നിന്നും ജയിലിലേക്ക് ഹെലികോപ്റ്ററില്‍ വളര്‍ത്തുമകളും സഞ്ചരിച്ച സംഭവത്തെക്കുറിച്ച് ഹരിയാന സര്‍ക്കാര്‍ അന്വേഷണം തുടങ്ങി. സംഭവത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച സംഭവിച്ചതായുളള വിമര്‍ശനങ്ങളെത്തുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്.

ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനാണെന്ന് പഞ്ച്കുല പ്രത്യക സിബിഐ കോടതി കണ്ടെത്തിയതിന് പിന്നാലെ കോടതിയില്‍നിന്നും റോഹ്തകിലെ ജയിലിലേക്ക് സൈന്യത്തിന്റെ ഹെലികോപ്റ്ററിലാണ് ഗുര്‍മീതിനെ മാറ്റിയത്. ഈ സമയം വളര്‍ത്തു മകളും ഗുര്‍മീതിനൊപ്പം കൂടെ സഞ്ചരിച്ചിരുന്നു. പൊലീസ് അടക്കം ആരും ഇത് തടഞ്ഞില്ല. ഇക്കാര്യം കഴിഞ്ഞ ദിവസം ചില അഭിഭാഷകര്‍ ജ‍ഡ്‍ജിയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. ഗുര്‍മീതിന് വി.ഐ.പി പരിഗണന നല്‍കിയെന്നും ഇവര്‍ ജഡ്ജിയെ അറിയിച്ചു. തുടര്‍ന്നാണ് കോടതി സര്‍ക്കാറിന്റെ വിശദീകരണം തേടിയത്.