പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. എസ്‌കെ ഭണ്ഡാരി (86) കോവിഡ് ബാധിച്ചു മരിച്ചു. ഗംഗാ റാം ആശുപത്രിയില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ച വ്യക്തിയാണ് ഭണ്ഡാരി.
ഭണ്ഡാരിയുടെ കൈകളിലേക്കാണ് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പിറന്നു വീണത്. പ്രിയങ്കയുടെ മക്കള്‍ പിറന്നു വീണതും ഭണ്ഡാരിയുടെ കൈകളിലേക്കാണ്.
രണ്ടാഴ്ച മുമ്പ് ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ഡോക്ടറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ വെച്ച് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് അന്ത്യം. കോവിഡ് വാക്സിന്റെ രണ്ട് ഡോസും ഡോ. ഭണ്ഡാരി സ്വീകരിച്ചിരുന്നതായി ഗംഗാ റാം ആശുപത്രി ചെയര്‍മാന്‍ ഡോ. ഡിഎസ്. റാണ വ്യക്തമാക്കി. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഇവരുടെ ഭര്‍ത്താവ് കോവിഡ് ബാധിച്ച് ഐസിയുവില്‍ ആണ്.
58 വര്‍ഷം ഗംഗാ റാം ആശുപത്രിയില്‍ ഭണ്ഡാരി സേവനം ചെയ്തിട്ടുണ്ട്. ലണ്ടനില്‍ പിജി പഠനം പൂര്‍ത്തിയാക്കി ഡല്‍ഹിയില്‍ മടങ്ങിയെത്തിയ ഉടനെ ഇവര്‍ ഗംഗാ റാമില്‍ ജോലിയ്ക്ക് കയറി. ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗത്തിന് തുടക്കമിട്ടത് ഡോ. ഭണ്ഡാരിയായിരുന്നു.
മാനവികതയുടെ ഉത്തമഭാവങ്ങള്‍ എന്നും ജീവിതത്തില്‍ ഉയര്‍ത്തിപ്പിടിച്ച സ്ത്രീയായിരുന്നു ഡോ. ഭണ്ഡാരിയെന്നും തനിക്ക് നല്ലൊരു സുഹൃത്തിനെക്കൂടിയാണ് നഷ്ടമായതെന്നും ഭണ്ഡാരിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തികൊണ്ട് പ്രിയങ്ക ഗാന്ധി ട്വിറ്റ് ചെയ്തു.
Leave a Reply