സേലം: താന്‍ ആഗ്രഹിച്ച സ്വാതന്ത്ര്യം തനിക്ക് ലഭിച്ചില്ലെന്ന് ഹാദിയ. സേലത്ത് ശിവരാജ് മെഡിക്കല്‍ കോളേജില്‍ എത്തിയശേഷമാണ് ഹാദിയയുടെ പ്രതികരണം. കോളേജില്‍ വന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ ഇഷ്ടമുള്ളവരെ കാണാന്‍ സ്വാതന്ത്ര്യം ലഭിച്ചില്ലെന്ന് ഹാദിയ പറഞ്ഞു. വേണ്ടപ്പെട്ടവരെ കാണാനും സംസാരിക്കാനുമുള്ള സ്വാതന്ത്ര്യമാണ് കോടതിയില്‍ ആവശ്യപ്പെട്ടത്.
അത് ഇതുവരെയും ലഭിച്ചില്ല. വരും ദിവസങ്ങളിലെ കാര്യങ്ങള്‍ എന്താണെന്ന് തനിക്ക് അറിയില്ലെന്നും ഹാദിയ വ്യക്തമാക്കി. സേലത്തെ കോളേജില്‍ തുടര്‍പഠനത്തിന് അപേക്ഷ നല്‍കാനാണ് ഹാദിയ എത്തിയത്. ഇതിനുള്ള നടപടിക്രമങ്ങള്‍ ഒരാഴ്ച നീളുമെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു. ഷെഫിന്‍ ജഹാന് ഹാദിയയെ ക്യാമ്പസില്‍ വെച്ച് കാണാമെന്നാണ് ഹാദിയയുടെ രക്ഷാകര്‍തൃ ചുമതല കോടതി നല്‍കിയ ഡീന്‍ അറിയിച്ചത്.
സന്ദര്‍ശനം പോലീസ് സാന്നിധ്യത്തിലേ അനുവദിക്കൂ. ഹോസ്റ്റലില്‍ സന്ദര്‍ശകരെയും മൊബൈല്‍ ഫോണ്‍ ഉപയോഗവും അനുവദിക്കില്ലെന്നും ഡീന്‍ പറഞ്ഞു. ഇന്നലെയാണ് ഡല്‍ഹിയില്‍ നിന്ന് ഹാദിയയെ സേലത്ത് എത്തിച്ചത്. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ എത്തിയ ഹാദിയയെ പോലീസ് വാഹനത്തിലാണ് കോളേജില്‍ എത്തിച്ചത്. സേലം ഡെപ്യൂട്ടി കമ്മീഷണര്‍ സുബ്ബുലക്ഷ്മിയുടെ നേതൃത്വത്തില്‍ 25 അംഗ പോലീസ് സംഘം ഹാദിയയുടെ സുരക്ഷാച്ചുമതല ഏറ്റെടുത്തു.
Leave a Reply