സെന്‍ട്രല്‍ ജങ്ഷനില്‍ നിന്ന് ഒരു യുവതി ആളുകളെ ഇടിച്ചുമാറ്റി അതിവേഗം ചന്തയുടെ ഭാഗത്തേക്ക് ഓടുന്നു. മോഷണമാണെന്ന് കരുതി നാട്ടുകാരും യുവതിയുടെ പിറകെ പാഞ്ഞു. കുറച്ചുനേരത്തേക്ക് പോലീസ് സ്റ്റേഷന്‍-അഴൂര്‍ റോഡിനെ പൂര്‍ണമായും സ്തംഭിപ്പിച്ചു.

ഇതിനിടയിലാണ് നഗരത്തില്‍ പട്രോളിങ് നടത്തികൊണ്ടിരുന്ന ട്രാഫിക് പോലീസ് എത്തി. പോലീസും പാഞ്ഞു യുവതിക്ക് പിന്നാലെ. ഒടുവില്‍ തടഞ്ഞുനിര്‍ത്തി. ഓട്ടത്തിന്റെ കാരണം തിരക്കിയപ്പോള്‍ ഒന്നും ഇല്ലാ എന്നായിരുന്നു യുവതിയുടെ മറുപടി. നാട്ടുകാരുംകൂടി ഇടപെട്ടുതുടങ്ങിയപ്പോള്‍ പോലീസ് അവരെ പിരിച്ചുവിടാന്‍ ശ്രമിച്ചു.

പോലീസ് വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ യുവതി കാര്യം തുറന്നുപറഞ്ഞു. ഭര്‍ത്താവുമായി ബൈക്കില്‍ പത്തനംതിട്ടയില്‍ എത്തിയതാണ്. ഇവിടെ വെച്ചുണ്ടായ കുടുംബവഴക്കിനെ തുടര്‍ന്ന് തന്നെ വഴിയിലിറക്കിയിട്ട് ഭര്‍ത്താവ് വണ്ടിയുമായിപ്പോവുകയായിരുന്നു. സത്യത്തില്‍ ഭര്‍ത്താവിന്റെ പിന്നാലെ ഓടിയതായിരുന്നു യുവതി. ഇതൊന്നും മനസ്സിലാക്കാതെയാണ് നാട്ടുകാരും യുവതിയുടെ പുറകെ വച്ചുപിടിപ്പിച്ചത്.