ന്യൂഡല്‍ഹി: ഹാദിയയുടെ സംരക്ഷണത്തിനുള്ള അവകാശം പൂര്‍ണ്ണമായും അച്ഛനല്ലെന്ന് സുപ്രീം കോടതി. ഹാദിയ 24 വയസുള്ള യുവതിയാണ്. അവര്‍ക്ക് സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. ഹാദിയയുമായുള്ള വിവാഹം അസാധുവാക്കിയ ഹൈക്കോടതി നടപടിക്കെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. 24 വയസുള്ള ഹാദിയയ്ക്ക് തന്റെ സംരക്ഷകന്‍ ആരാണെന്ന് തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. ആവശ്യമാണെങ്കില്‍ ഹാദിയയ്ക്ക് കസ്റ്റോഡിയനെ നിയമിക്കുമെന്നും കോടതി അറിയിച്ചു.

ഹൈക്കോടതിക്ക് വിവാഹം റദ്ദാക്കാനുള്ള അവകാശമുണ്ടോ എന്ന കാര്യം പരിശോധിക്കും. കേസില്‍ സുപ്രീം കോടതി പ്രഖ്യാപിച്ച എന്‍ഐഎ അന്വേഷണം ആവശ്യമുണ്ടോ എന്ന് പരിശോധിക്കുമെന്നും കോടതി അറിയിച്ചു. കേസ് മാറ്റിവെക്കണമെന്ന അഭിഭാഷകരുടെ ആവശ്യപ്രകാരം ഇന്ന് വാദം കേട്ടില്ലെങ്കിലും ഈ നിരീക്ഷണങ്ങള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നടത്തുകയായിരുന്നു. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.

മെയ് 24നാണ് ഇസ്ലാം മതം സ്വീകരിച്ച അഖില എന്ന ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയത്. തന്റെ മകളെ നിര്‍ബന്ധിച്ച് മതം മാറ്റുകയായിരുന്നുവെന്ന പിതാവ് അശോകന്റെ ഹര്‍ജിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. കേസില്‍ കക്ഷി ചേരാന്‍ സംസ്ഥാന വനിതാ കമ്മീഷന് കോടതി അനുവാദം നല്‍കി. എന്‍ഐഎ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷെഫീന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയില്‍ എന്‍ഐഎയും സംസ്ഥാന സര്‍ക്കാരും മറുപടി നല്‍കണമെന്നും കോടതി അറിയിച്ചു.