കരീബിയന്‍ രാജ്യമായ ഹെയ്തിയുടെ പ്രസിഡന്റ് ജൊവെനെല്‍ മോസെ കൊലപ്പെടുത്തിയ സംഘത്തിലെ നാല് പേരെ പോലീസ് വെടിവെച്ചു കൊന്നു. കൂലിപ്പടയാളികളില്‍ രണ്ടു പേര്‍ പിടിയിലായാതായും ബന്ദികളാക്കിയ മൂന്ന് പോലീസുകാരെ മോചിപ്പിച്ചതായും പോലീസ് ഡയറക്ടര്‍ ജനറല്‍ ലിയോണ്‍ ചാള്‍സ് പ്രസ്താവനയില്‍ പറഞ്ഞു.

ബുധനാഴ്ച പുലര്‍ച്ചെ പോര്‍ട്ട് ഔ പ്രിന്‍സിലുള്ള വീട്ടില്‍ വെച്ച് ജാവെനെല്‍ മോസെക്കും ഭാര്യക്കും നേരെ ആക്രമണം നടന്ന ഉടന്‍ പോലീസ് കൊലയാളികളെ പിന്തുടര്‍ന്നാണ് വധിച്ചത്‌. സ്പാനിഷ് അറിയുന്ന വിദേശികള്‍ ഉള്‍പ്പെടുന്ന ആസൂത്രിതമായ ഓപ്പറേഷനാണ് നടന്നതെന്നാണ് ഹെയ്തി പോലീസിന്റെ വിലയിരുത്തല്‍. മോസെയുടെ വീട് ആക്രമിച്ച അജ്ഞാത സംഘം അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു.

അക്രമത്തില്‍ പരിക്കേറ്റ അദ്ദേഹത്തിന്റെ ഭാര്യ മാര്‍ട്ടിന്‍ മോസെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നാലെ ഇടക്കാല പ്രധാനമന്ത്രി ക്ലോഡ് ജോസഫ് രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 1.1 കോടി ജനസംഖ്യയുള്ള ഹെയ്തിയില്‍ 53-കാരനായ മോസെയുടെ ഭരണത്തില്‍ കടുത്ത അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നുപോയിരുന്നത്.

രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കാത്തതിനാല്‍ കോടതിവിധി നേടി രണ്ടുവര്‍ഷമായി അധികാരത്തില്‍ തുടര്‍ന്നുവരുകയാണ് മോസെ. പാര്‍ലമെന്റ് പിരിച്ചുവിട്ട് ഭരണം നടത്തുന്നതിനെതിരെ പ്രതിപക്ഷ പ്രക്ഷോഭങ്ങളും നടന്നുവരുന്നുണ്ട്. 2010-ലെ ഭൂകമ്പവും 2016-ലെ ‘മാത്യു’ കൊടുങ്കാറ്റും വിതച്ച നാശങ്ങളില്‍നിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത രാജ്യത്ത് വിലക്കയറ്റവും ഭക്ഷ്യക്ഷാമവും ഗുണ്ടാ അക്രമങ്ങളും പതിവാണ്.

പ്രസിഡന്റ് വെടിയേറ്റ് മരിച്ചതിന് പിന്നാലെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. കലാപ സാധ്യത കണക്കിലെടുത്ത് രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഇടക്കാല പ്രധാനമന്ത്രിയായ ക്ലോഡ് ജോസഫ് അറിയിച്ചിട്ടുണ്ട്. ജനങ്ങളോട് ശാന്തരായിരിക്കാന്‍ ഇടക്കാല പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. നിലവിലെ സ്ഥിതി നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണെന്ന് പ്രധാനമന്ത്രി ക്ലോഡ് ജോസഫ് പറഞ്ഞു.