ന്യൂസ് ഡെസ്ക്, മലയാളം യുകെ

അഞ്ചു വയസു മാത്രം പ്രായമുള്ള കുഞ്ഞു മാലാഖ പനിബാധിച്ച് മരണമടഞ്ഞു. ബർമിങ്ഹാമിലെ വൂൾവർഹാംപ്‌റ്റനിൽ താമസിക്കുന്ന ബിൽസെന്‍റ് ഫിലിപ്പ്, ജെയ്മോൾ വർക്കി എന്നിവരുടെ മകളായ ഹന്നാ മേരി ഫിലിപ്പാണ് മരണമടഞ്ഞത്. ഒരു മാസമായി പനി പിടിച്ച് ചികിത്സയിലായിരുന്നു. പനി വിട്ടു മാറാത്തതിനെ തുടർന്ന് ബർമിങ്ഹാം വിമൺസ് ആൻഡ് ചിൽഡ്രൻസ് എൻഎച്ച്എസ് ഹോസ്പിറ്റലിൽ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ഹന്നയുടെ അമ്മ ജെയ്മോള്‍ ഇവിടെ സ്വകാര്യ കെയർ ഹോമിൽ നേഴ്സായി ജോലി ചെയ്യുകയാണ്. ഹന്നയും ഇളയ സഹോദരൻ ആൽബിനും വെറും 8 മാസം മുൻപ് മാത്രമാണ് പിതാവിനൊപ്പം യുകെയിൽ എത്തിയത്. കേരളത്തിൽ മല്ലപ്പള്ളിക്കടുത്തുള്ള തുരുത്തിക്കാടാണ് ഇവരുടെ സ്വദേശം.

ഒട്ടേറെ സ്വപ്നങ്ങളുമായി യുകെയിലെത്തി ഏതാനും മാസങ്ങൾക്കുള്ളിൽ തങ്ങളുടെ പൊന്നോമന പുത്രിയുടെ ജീവൻ അപകടത്തിലായതിന്റെ ഞെട്ടലിലാണ് കുടുംബം. ബർമിങ് ഹാം ഹെർമ്മോൻ മാർത്തോമാ ദേവാലയത്തിലെ സജീവ് അംഗങ്ങളാണ് ഹന്നയുടെ കുടുംബം. കുഞ്ഞിൻറെ അകാല വേർപാടിന്റെ ദുഃഖത്തിൽ കഴിയുന്ന കുടുംബത്തിന് താങ്ങായി ഇടവക സമൂഹവും ഇവിടുത്തെ പ്രാദേശിക സമൂഹവും സജീവമായുണ്ട്. തുരുത്തിക്കാട് മാർത്തോമാ ദേവാലയമാണ് ഹന്നയുടെ പിതാവ് ബിൻസെന്റ് ഫിലിപ്പിന്റെ മാതൃ ഇടവക . ഹന്നയുടെ മൃതദേഹം നാട്ടിലെത്തിച്ച് മൃതസംസ്കാരം നടത്താനാണ് കുടുംബം ആഗ്രഹിക്കുന്നത്. കുടുംബത്തെ സഹായിക്കുന്നതിനായി യുകെയിൽ തന്നെയുള്ള പിതൃസഹോദരി ബിന്ദു ഫിലിപ്പിന്റെയും കുടുംബ സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്.

ഹന്ന മേരി ഫിലിപ്പിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.