ബീജിംഗ്: ചെവി നഷ്ടമായ യുവാവിന്റെ വലതു കയ്യില്‍ വളര്‍ത്തിയെടുത്ത ചെവി ചൈനീസ് പ്ലാസ്റ്റിക് സര്‍ജന്‍മാര്‍ വിജയകരമായി മാറ്റിവെച്ചു. ജി എന്ന പേരില്‍ അറിയപ്പെടുന്ന യുവാവിന് 2015ല്‍ ഒരു അപകടത്തിലാണ് തന്റെ വലത് ചെവി നഷ്ടമായത്. പ്രശസ്ത പ്ലാസ്റ്റിക് സര്‍ജനായ ഡോ. ഗുവോ സുഷോങ് ആണ് വിജയകരമായി ഈ ശസ്ത്രക്രിയ നടത്തിയത്. കയ്യില്‍ വളര്‍ത്തിയെടുത്ത ചെവി യഥാസ്ഥാനത്തേക്ക് മാറ്റിവെച്ചത് വിജയകരമാണെന്നും ചെവിയിലേക്ക് രക്തപ്രവാഹം കൃത്യമായി നടക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
അപകടത്തില്‍ ചെവി നഷ്ടമായതിനൊപ്പം മുഖത്തും തലയിലും ഗുരുതരമായ ഒട്ടേറെ പരിക്കുകളും പറ്റിയിരുന്നു. വലത് കവിളെല്ലും മുഖത്തെ ചര്‍മ്മവും പഴയ നിലയിലാക്കാന്‍ ഒട്ടേറെ ശസ്ത്രക്രിയകള്‍ക്ക് ഇയാള്‍ വിധേയനായി. സിയാന്‍ ജിയാവോറ്റോംഗ് സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.ഗുവോ ജീയുടെ കയ്യിലെ ത്വക്ക് ചില ഉപകരണങ്ങള്‍ ഉപയോഗിച്ച് ചെവിയുടെ രൂപത്തില്‍ വളര്‍ത്തിയെടുക്കുകയായിരുന്നു. വാരിയെല്ലുകളില്‍ നിന്ന് ശേഖരിച്ച തരുണാസ്ഥിയും ചെവി നിര്‍മിക്കാന്‍ ഉപയോഗിച്ചു.

ചെവി മാറ്റിവെക്കലിനു ശേഷം രണ്ടാഴ്ചയോളം ജീ ആശുപത്രിയില്‍ കഴിയേണ്ടി വരും. ചെവി നഷ്ടപ്പെട്ടതിനു ശേഷം താന്‍ അപൂര്‍ണ്ണനാണെന്ന വിചാരമാണ് എപ്പോളും ഉണ്ടായിരുന്നതെന്ന് ജീ പറഞ്ഞു. 2006ല്‍ ചൈനയില്‍ ആദ്യമായി മുഖം മാറ്റിവെക്കല്‍ ശസ്ത്രക്രിയ് നടത്തിയ ഡോക്ടറാണ് ഗുവോ. ചെവി മാറ്റിവെക്കല്‍ ശസ്ത്രക്രിയ നൂറ് കണക്കിന് രോഗികളി്ല്‍ നടത്താനാകുമെന്നും ഗുവോ പറഞ്ഞു.