ലോകമെമ്പാടും നടക്കുന്ന ബ്ലാക്ക് ലൈവ്സ് മാറ്റർ മുന്നേറ്റത്തിനു പിന്തുണ അർപ്പിച്ച് മുംബൈ ഇന്ത്യൻസിൻ്റെ ഇന്ത്യൻ ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യ അടുത്തിടെ രംഗത്തെത്തിയിരുന്നു. രാജസ്ഥാൻ റോയൽസിനെതിരെ നടന്ന മത്സരത്തിൽ അർധസെഞ്ചുറി നേടിയതിനു ശേഷം ഒരു മുട്ടുകുത്തി ഇരുന്നാണ് പാണ്ഡ്യ കറുത്ത വർഗക്കാർക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചത്. ബ്ലാക്ക് ലൈവ്സ് മാറ്റർ എന്ന ഹാഷ്ടാഗോടെ പാണ്ഡ്യ പിന്നീട് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ഈ ചിത്രം പങ്കുവക്കുകയും ചെയ്തു.
ബ്ലാക്ക് ലൈവ്സ് മാറ്റർ മുന്നേറ്റത്തിനു പിന്തുണ അർപ്പിക്കുന്ന ആദ്യ ഇന്ത്യൻ, ഐപിഎൽ താരമാണ് ഹർദ്ദിക് പാണ്ഡ്യ. പാണ്ഡ്യയുടെ ആഘോഷത്തിന് വിൻഡീസ് താരവും മുംബൈ ഇന്ത്യൻസ് നായകനുമായ കീറോൺ പൊള്ളാർഡ് ഡഗൗട്ടിൽ നിന്ന് പ്രതികരണം അറിയിക്കുകയും ചെയ്തിരുന്നു.
അമേരിക്കയിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയിഡിനെ പൊലീസ് ഉദ്യോഗസ്ഥൻ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് ലോകമെമ്പാടും ബ്ലാക്ക് ലൈവ്സ് മാറ്റർ മുന്നേറ്റം ആരംഭിച്ചത്. വിൻഡീസ് താരം ഡാരൻ സമ്മി ഐപിഎലിനിടെ വംശീയ അധിക്ഷേപം നേരിടേണ്ടി വന്നു എന്ന് വെളിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു
ഇക്കൊല്ലത്തെ ഐപിഎലിനിടെ സൺറൈസേഴ്സിൻ്റെ വിൻഡീസ് താരം ജേസൻ ഹോൾഡർ ഐപിഎൽ ഈ മുന്നേറ്റത്തിൽ പങ്കാളിയാവാത്തതിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ പിന്തുണ അർപ്പിച്ച മുംബൈ ഇന്ത്യൻസ് ഓൾ റൗണ്ടറിനെതിരെ ഒരു കൂട്ടർ രംഗത്തെത്തിയിരിക്കുകയാണ്. വെള്ളക്കാരിയെ വിവാഹം കഴിച്ച ഹാർദിക് കാപട്യമാണ് കാണിച്ചതെന്നും വിമർശനവുമായി പാണ്ഡ്യ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് കീഴിൽ നിരവധി പേർ കമെന്റ് ചെയ്തു. അതേസമയം പാണ്ഡ്യയെ പിന്തുണച്ചും ആരാധകർ എത്തി.
Leave a Reply