സ്വന്തം ലേഖകന്‍
കൊച്ചി: ലാവ്ലിന്‍ കേസ്സില്‍ പിണറായി വിജയന് വേണ്ടി ഹാജരാകുന്നത്   ബോളിവുഡ് താരം സൽമാൻ ഖാനെ കൊലകുറ്റത്തില്‍ നിന്നും രക്ഷിച്ചെടുത്ത വക്കീല്‍. വഴിയോരത്ത് കിടന്നുറങ്ങിയ ആളെ വണ്ടി ഇടിപ്പിച്ച് കൊന്ന കേസ്സില്‍ ആണ് ഈ വക്കീല്‍ സൽമാൻ ഖാനെ രക്ഷിച്ചെടുത്തത്. സുപ്രീം കോടതിയിലെ വളരെ സീനിയറായ അഭിഭാഷകനാണ് ഹരീഷ് സാല്‍വ. എന്തിനാണ് ഹരീഷ് സാല്‍വ വരുന്നത് എന്ന് ചോദിക്കുന്നില്ല. എന്നാല്‍ ഇത്രയും ഭീമമായ ഫീസ് ആരു കൊടുക്കും?. ജനങ്ങളുടെ നികുതി പണമെടുത്തു കൊടുക്കുമോ? അതെങ്ങനെ ശരിയാവും?.പിണറായി വിജയന്റെ വക്കീല്‍ ഫീസ് സര്‍ക്കാര്‍ കൊടുക്കുന്നത് ശരിയല്ല എന്നാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പറയുന്നത്. ഇനി സ്വന്തമായി കൊടുക്കാന്‍ കാശ്ശ് എവിടുന്ന്? തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നല്‍കിയ കണക്കില്‍ അത്രയും വരുമാനം കാണിച്ചിട്ടില്ലല്ലോ?. ഇനി ആരെങ്കിലും സഹായിക്കുന്നതാണോ?. ഇത്രയും വലിയ തുക സഹായം വാങ്ങാന്‍ ഒരു പൊതുസേവകനെങ്ങനെ കഴിയും?. എന്തു പ്രത്യുപകാരമാണ് ഇതു വഴി അയാള്‍ ലക്ഷ്യമിടുന്നത്?. ഫീസ് പാര്‍ട്ടി ഫണ്ടില്‍ നിന്ന് കൊടുക്കണം. ഈ കേസ്സു തന്നെ ഖജനാവിന് 377 കോടി നഷ്ടം വരുത്തിയതിനെതിരെയുള്ളതാണ്. വീണ്ടും ജനങ്ങള്‍ സഹിക്കണമെന്ന് പറയുന്നത് ദ്രോഹമാണ്. ഇങ്ങനെ കാശെടുത്ത് വക്കീലന്‍മാര്‍ക്കു കൊടുത്തതിന് ഉമ്മന്‍ചാണ്ടിയെ ഒരുപാട് കുററം പറഞ്ഞതാണ് പിണറായി. അതുകൊണ്ട് പാര്‍ട്ടി ഫണ്ടില്‍ നിന്ന് കൊടുക്കട്ടെ എന്നാണ് സുരേന്ദ്രന്‍ പറയുന്നത്.

എന്തേ പിണറായിയുടെ ആദ്യ വക്കീലായ എം കെ ദാമോദരന്‍ ഇപ്പോള്‍ മതിയാവാതെ വരാന്‍ കാരണം?. ഈ കേസ്സില്‍ പിണറായിക്ക് പേടി തുടങ്ങിയതിന്റെ ലക്ഷണമാണ് സാല്‍വയുടെ വരവ് കാണിക്കുന്നത് എന്നും കെ സുരേന്ദ്രന്‍ പറയുന്നു. ദാമോദരന്‍ വക്കീലിന്റെ കയ്യില്‍ നില്‍ക്കില്ല എന്ന് പിണറായിക്കും മനസിലായി എന്നാണ് കെ സുരേന്ദ്രന്റെ പോസ്റ്റിലെ കമന്റുകളും പറയുന്നത്. സുപ്രീം കോടതിയിലെ പ്രഗത്ഭനായ അഭിഭാഷകനാണ് ഹരീഷ് സാല്‍വെ. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന അഭിഭാഷകനാണ് ഇദ്ദേഹം. സല്‍മാന്‍ ഖാന്‍, ലളിത് മോഡി, മുകേഷ് അംബാനി, രത്തന്‍ ടാറ്റ തുടങ്ങിവര്‍ക്കുവേണ്ടി ഹാജരാകാറുള്ള അഭിഭാഷകനാണ്. ഓരോ ദിവസത്തിനും ലക്ഷങ്ങളാണ് ഇദ്ദേഹത്തിന്റെ പ്രതിഫലം.

അഡ്വ. ഹരീഷ് സാൽവ..! ഈ പേര് ഇന്ത്യൻ നിയമ ലോകത്തിന് മാത്രമല്ല, ലോകമെമ്പാടുമുള്ള നിയമജ്ഞർക്കിടയിൽ സുപരിചിതമായ നാമമാണ്. സുപ്രീംകോടതിയിലെ ഗർജ്ജിക്കുന്ന സിംഹമായ ഹരീഷ് സാൽവ തോൽവികൾ അറിയാത്ത കളിക്കാരനാണ്. കോർപ്പറേറ്റുകളുടെ ശീതയുദ്ധങ്ങൾക്കിടയിൽ നിന്നും പക്ഷം പിടിച്ച് കേസ് വാദിച്ച് കോടികൾ കൊയ്യുന്ന മിടുക്കൻ. ഇങ്ങനെ ഏറെ വിശേഷണങ്ങളുള്ള വ്യക്തിയാണ് ഹരീഷ് സാൽവേ. കോർപ്പറേറ്റുകളുടെ സ്വന്തം വക്കീലെന്ന് അറിയപ്പെടുന്ന അദ്ദേഹം ഇന്ത്യയിൽ ഏറ്റവും വിലകൂടിയ വക്കീലു കൂടിയാണ്. ലാവലിൻ കേസിൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി വീണ്ടും കോടതിയിൽ ഹാജരാകാൻ ഒരുങ്ങുന്നു എന്ന വാർത്തയാണ് ഹരീഷ് സാൽവയുടെ പേര് വീണ്ടും കേരളത്തിൽ ഉയർന്നുവരാൻ ഇടയാക്കുന്നത്.

2009 ൽ ലാവലിൻ കേസിൽ ഗവർണർ ആർ എസ്സ് ഗവായി നൽകിയ പ്രോസിക്യുഷൻ അനുമതിക്ക് എതിരെ സുപ്രീം കോടതി പരിഗണിച്ച പിണറായി വിജയന്റെ ഹർജിയിൽ സംസ്ഥാന സർക്കാരിന് വേണ്ടിയായിരുന്നു അന്ന് ഹരീഷ് സാൽവേ ഹാജരായിരുന്നു. സംസ്ഥാന സർക്കാറിന് വേണ്ടി ഏറ്റവും ഉയർന്ന ഫീസു വാങ്ങുന്ന അഭിഭാഷകൻ എന്തിന് ഹാജരായി എന്ന ചോദ്യം വിവിധ കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. ഇപ്പോൾ അദ്ദേഹം ഹൈക്കോടതിയിൽ കേസ് വാദിക്കാൻ എത്തുന്നത് സുപ്രധാനമായ ഒരു ഘട്ടത്തിലാണ്.

 

കേരള മുഖ്യമന്ത്രിയായ പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന ഏടാണ് ലാവലിൻ കേസ്. കേസിൽ വിജയിച്ചാൽ മാത്രം മുഖ്യമന്ത്രി കസേരയിൽ തുടരാൻ സാധിക്കുന്ന അവസ്ഥയാണുള്ളത്. പാർട്ടിയിലെ കരുത്തനാണെങ്കിലും കേസിൽ തിരിച്ചടി നേരിട്ടാൽ അത് പിണറായിയെ സംബന്ധിച്ചത്തോളം പാർട്ടിയിലെ പിടി അയയാനും കാരണമാകും. അതുകൊണ്ട് തന്നെ പിണറായിക്ക് വിടുതൽ നൽകിയ കീഴ്‌ക്കോടതി വിധി ഹൈക്കോടതിയും ശരിവെക്കണം എന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ഇതിന് കേസിനെ വിശദമായി പഠിച്ച അഡ്വ. എം കെ ദാമോദരന് സാധിക്കുമെന്ന വിശ്വാസത്തിലാണ് പിണറായി. എങ്കിലും എം കെ ദാമോദരന്റെ മിടുക്കു കൊണ്ട് മാത്രം സുപ്രീംകോടതിയിൽ പിടിച്ചു നില്ക്കാൻ കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ടാണ് കേരള ഹൈക്കോടതിയിലും കേസ് വാദിക്കാൻ രാജ്യത്തെ തലമുതിർന്ന അഭിഭാഷകനെ പിണറായി എത്തിക്കുന്നത്.

ഫീസിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ച്ചയും ഇല്ലാത്ത വ്യക്തിയാണ് അഡ്വ. ഹരീഷ് സാൽവെ. കോർപ്പറേറ്റുകളുടെ സ്വന്തം വക്കീൽ എന്ന നിലയിലാണ് ഹരീഷ് സാൽവെ ശ്രദ്ധിക്കപ്പെടുന്നത്. കോർപ്പറേറ്റുകൾക്കും ശതകോടീശ്വരന്മാർക്കും മറ്റ് പ്രമുഖ രാഷ്ട്രീയക്കാർക്കും വേണ്ടിയാണ് അദ്ദേഹം ഹാജരാകാര്. ഒരു കേസിനായി ഹാജരാകാൻ എത്തുമ്പോൾ ഫസ്റ്റ്ക്ലാസ് വിമാനടിക്കറ്റ്, പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസം തുടങ്ങിയ കാര്യങ്ങൾ നിർബന്ധമാണ്. ഫീസ് ചോദിച്ചു വാങ്ങുകയും ചെയ്യും. കോർപ്പറേറ്റുകൾ തമ്മിലുള്ള തർക്കങ്ങൾ തീർക്കുന്ന ഇടനിലക്കാരന്റെ റോളിലും അദ്ദേഹം എത്തിയിട്ടുണ്ട്. ഇതിൽ സുപ്രധാന കേസ് അംബാനി സഹോദന്മാർ തമ്മിലുള്ള നിയമ യുദ്ധമായിരുന്നു.

ഈ കേസിൽ മുകേഷ് അംബാനിയുടെ പക്ഷത്തായിരുന്നു ഹരീഷ് സാൽവെ. അംബാനിക്ക്  വേണ്ടി നിരവധി സിറ്റിംഗുകൾ നടത്തി അദ്ദേഹം. ഇന്ത്യയിലെ അതിസമ്പന്നരായ സഹോദരന്മാർ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഒരു സിറ്റിംഗിന് 30 ലക്ഷം വെച്ച് നിരവധി തവണ അദ്ദേഹം കോടതിയിൽ ഹാജരായി. ഒടുവിൽ മുകേഷിനെ വിജയിപ്പിക്കുകയും ചെയ്തു. ഈ കേസിന് വേണ്ടി മുകേഷ് എറിഞ്ഞത് 200 കോടിയിലേറെ രൂപയാണ്. പത്ത് വർഷത്തോളം നീണ്ടു നിന്നു ഈ നിയമയുദ്ധം. ഈ കേസിന് വേണ്ടി 15 കോടിയിലേറെ രൂപ ഹരീഷ് സാൽവെ വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ. കേസിൽ അനിൽ അംബാനിക്കായി ഹാജരായത് രാംജത് മലാനിയെന്ന അതികായൻ തന്നെയായിരുന്നു.എന്നാല്‍ ഈ വമ്പനെയും മുട്ടുകുത്തിക്കാൻ സാൽവക്ക് സാധിച്ചു.

ബോളിവുഡ് താരം സൽമാൻ ഖാനെ ഹിറ്റ് ആൻഡ് റൺ കേസിൽ പുഷ്പം പോലെ ഊരിയെടുത്തതും മറ്റാരുമല്ല. ഇവിടെയും കോടികളുടെ പ്രതിഫലം പറ്റുന്ന അഭിഭാഷകൻ തന്നെയാണ് വിജയം കണ്ടത്. കേന്ദ്ര സർക്കാറും വോഡാഫോണും തമ്മിലുള്ള നിയമയുദ്ധവും ഹരീഷ് സാൽവയെ പ്രശസ്തനാക്കി. 15000 കോടി രൂപയുടെ ആദായ നികുതി കേസിൽ നിന്നും വൊഡാഫോണിനെ അനായാസം രക്ഷിച്ചെടുത്തതും സാൽവെയും മികവായിരുന്നു. നീരാ റാഡിയ കേസിൽ രത്തൻ ടാറ്റായുടെ വക്കാലത്തുമായെത്തിയതും അദ്ദേഹമാണ്. സൈറസ് മിസ്ട്രിക്ക് എതിരായ ടാറ്റയുടെ നിയമ യുദ്ധങ്ങൾക്ക് കടിഞ്ഞാൺ ഇടാന്‍ ടാറ്റ ഏൽപ്പിച്ചിരിക്കുന്നതും ഈ സിംഹത്തെയാണ്. ഭോപ്പാൽ വാതക ദുരന്ത കേസിൽ കേശവ് മഹീന്ദ്രക്ക് വേണ്ടിയും ഇദ്ദേഹം ഹാജരായി. മൂവായിരത്തിലേറെ പേർ കൊല്ലപ്പെട്ട ഈ കേസിൽ കേശവ് മഹീന്ദ്രയെ അനായാസം രക്ഷിച്ചതും സാൽവെയുടെ മിടുക്കായിരുന്നു. മുലായംസിങ് യാദവ്, പ്രകാശ് സിങ് ബാദൽ, ലളിത് മോദി തുടങ്ങിയ പ്രമുഖർക്കായും ഹരീഷ് സാൽവേ ഹാജരായിട്ടുണ്ട്.

നേരത്തെ സി.പി.എം ജനറൽ സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ കേസിന് ആവശ്യമായ പണം കണ്ടെത്തിയത് പാർട്ടി തന്നെയായിരുന്നു. അതുകൊണ്ട് തന്നെ പോളിറ്റ്ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായിക്ക് വേണ്ടി പാർട്ടി തന്നെ പണം മുടക്കാനാണ് സാധ്യത. കമ്മൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യ മുഴുവനിലും തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍   പിണറായി അഴിമതി നടത്തിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും പിണറായിയെ രക്ഷിച്ചെടുക്കാന്‍ കമ്മൂണിസ്റ്റ് പാര്‍ട്ടി എത്ര കോടികള്‍ വേണമെങ്കിലും മുടക്കും എന്നാണ് സാല്‍വെ എന്ന വക്കീലിന്റെ വരവോടെ വ്യക്തമാകുന്നത്. പൊതുവേ പാര്‍ട്ടി പറയുന്നത് പ്രമാണം എന്ന് കരുതുന്ന അണികള്‍ കമ്മൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉള്ളതുകൊണ്ട് തന്നെ കേസ്സ് തോറ്റാലും ജയിച്ചാലും അണികളെ കൂടെ നിര്‍ത്താം എന്ന ധാരണയാണ് പാര്‍ട്ടി നേതൃത്തത്തിനുള്ളത്. ഉമ്മന്‍ചാണ്ടിയുടെ പാമോയിലിന്‍, സോളാര്‍ – സരിത തുടങ്ങിയ കേസ്സുകളില്‍ വളരെ വ്യക്തമായ പരസ്പര സഹായം ചെയ്തു കൊടുത്തും കഴിഞ്ഞു പിണറായി. അതുകൊണ്ട് തന്നെ പ്രതിപക്ഷത്ത് നിന്ന് യാതൊരുവിധ ശല്യങ്ങളും ഉണ്ടാകില്ല എന്നത് ഉറപ്പാണ്. വലിയ പ്രതീക്ഷ ഇല്ലെങ്കിലും പൊതു ജനത്തിന്റെ അവസാന ആശ്രയമായ കോടതി എന്ത്‌ നടപടിയാണ് ഈ അഴിമതി കേസ്സില്‍ എടുക്കുന്നത് എന്നാണ് രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത്.