എം. ജി.ബിജുകുമാർ

” ഒരു വിവാഹം കഴിക്കാനൊക്കെ ഇത്ര പ്രയാസമോ, എത്ര ബ്യൂറോകളുണ്ട്, അവരെ സമീപിച്ചാൽ കാര്യം നടക്കും”
സുഹൃത്തിൻ്റെ സാക്ഷ്യപത്രം.
” കാശ് കളയാമെന്നല്ലാതെ വേറെ വലിയ കാര്യമൊന്നുമില്ല, അതാ യാഥാർത്ഥ്യവും പലരുടെയും അനുഭവവും ” ചിരിച്ചു കൊണ്ടുള്ള എന്റെ മറുപടിയിലും പിൻവാങ്ങാൻ അവൻ തയ്യാറായില്ല.
വാരാന്തപ്പതിപ്പിൽ നിന്നു മാട്രിമോണിയൽ കോളത്തിൽ നിന്ന് ഏതോ നമ്പറിൽ വിളിച്ച് അവൻ എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടപ്പാേഴും ഞാനത് വലിയ കാര്യമാക്കിയില്ല.
ഞാൻ കാപ്പിയും കുടിച്ച് പത്രവും വായിച്ചിരുന്നു.
അൽപ്പം കഴിഞ്ഞ് സംസാരമൊക്കെ നിർത്തി അവൻ എൻ്റെയടുത്തെത്തി.
“ഞാൻ ഡീറ്റെയിൽസ് എല്ലാം പറഞ്ഞിട്ടുണ്ട് 20 പേരുടെ വിവരങ്ങൾ വി.പി.പി. ആയി അയച്ചുതരും, 2500 രൂപ കൊടുത്തു വാങ്ങണം.”
അധികാര സ്വരത്തിൽ അവൻ പറഞ്ഞു.
എന്തു പറയണമെന്നറിയാതെ ഞാൻ കുഴങ്ങി.
” അത് കിട്ടിക്കഴിഞ്ഞ് എന്നോട് പറഞ്ഞാൽ മതി. ഞാൻ വന്ന് അതിലെ നമ്പരിൽ വിളിച്ച് അന്വേഷിച്ച് ഒരെണ്ണം സെറ്റാക്കാം.”
അവൻ്റെ ഉറപ്പ്.
ഇവനെന്നാൽ വല്ല ബ്രോക്കറു പണിയ്ക്കും പോകരുതോ എന്നു മനസ്സിൽ തോന്നിയെങ്കിലും ഞാനത് അവനോട് പറഞ്ഞില്ല.
ശനിയാഴ്ച ആയപ്പാേഴേക്കും പോസ്റ്റ്മാൻ കൊണ്ടുവന്ന കവർ പൈസ നൽകി വാങ്ങി വെച്ചു. എന്നിട്ട് സുഹൃത്തിനെ വിളിച്ചു കാര്യം പറഞ്ഞു.
സൂര്യാസ്തമയത്തിനു മുമ്പ് തന്നെ ചങ്ങാതി വീട്ടിലെത്തി ഓരോന്നായി വിളിച്ചുതുടങ്ങി.
ആദ്യം വിളിച്ച മൂന്നെണ്ണവും റോങ്ങ് നമ്പർ ആയിരുന്നു.
എന്നിട്ടും പ്രതീക്ഷ കൈവെടിയാതെ വീണ്ടും അടുത്ത നമ്പറുകളിൽ വിളിച്ചു കൊണ്ടേയിരുന്നു.
അതിൽ മിക്കവയും വിവാഹം കഴിഞ്ഞതും ഇപ്പോൾ നിലവില്ലാത്ത നമ്പരുകളുമൊക്കെയായിരുന്നു.
അവസാനം അവൻ്റെ ഫോണിൻ്റെ ചാർജ്ജ് തീരാറായതിനാൽ അത് ചാർജ്ജ് ചെയ്യാൻ എന്നെ ഏൽപ്പിച്ചു. തുടർന്ന് എൻ്റെ ഫോണിൽ നിന്നാണ് ബാക്കിയുള്ള നമ്പരിലേക്ക് വിളിച്ചുതുടങ്ങിയത്. അതിലും പ്രയോജനമൊന്നും ഉണ്ടായില്ല.
കാശ് പോയെന്ന് എനിക്കും അവനും മനസ്സിലായി. ഞങ്ങൾ മുഖത്തോടു മുഖം നോക്കി.
അവൻ ഒന്നും പറയാതെ ഇരുപതാമത്തെ നമ്പർ ഡയൽ ചെയ്തു.
അതിലെ പേര് ഞാൻ നോക്കി.
ഹരിത, 33 വയസ്.
“ചിലപ്പോൾ ഇതാവും നിനക്ക് പറഞ്ഞിട്ടുള്ള പെൺകുട്ടി ” അവൻ സ്വയം സമാധാനിക്കാനാണോ അതോ എന്നെ സമാധാനിപ്പിക്കാനാണോ അങ്ങനെ പറഞ്ഞതെന്ന് എനിക്ക് മനസ്സിലായില്ല.
ഡയൽ ചെയ്ത് അവൻ ലൗഡ് സ്പീക്കറിലിട്ടു. ബെൽ പൂർണ്ണമായിയിട്ടും ഫോൺ ആരും അറ്റൻഡ് ചെയ്തില്ല.
ഞാൻ വെറുതെ ആ ലിസ്റ്റിലേക്ക് നോക്കുമ്പോൾ വി.എച്ച്.എസ്. സി, ഹോബി പുസ്തകവായന, എന്നൊക്കെ കണ്ടു. ആഹാ വായനാശീലം ഒക്കെയുള്ളവളാണ്. അപ്പോൾ അവൻ പറഞ്ഞത് ശരിയായിരിക്കും എന്നു ചിന്തിച്ചപ്പോഴേക്കും അവൻ വീണ്ടും ഡയൽ ചെയ്തു.
ഫോൺ അറ്റൻ്റ് ചെയ്തപ്പോൾ ലൗഡ് സ്പീക്കറിലിട്ട് അവൻ സംസാരിച്ചു തുടങ്ങി.
“ഹരിതയ്ക്ക് ഒരു വിവാഹം ആലോചിക്കുന്നതിനു വേണ്ടിയായിരുന്നു.” അവൻ സൗമ്യമായി പറഞ്ഞു.
എന്നിട്ട് ഒരു കാരണവരുടെ ഗമയോടെ എന്നെ നോക്കുമ്പോൾ തന്നെ അവിടെ നിന്നു വന്ന മറുപടിയിൽ ഞാനും അവനും ഒരു പോലെ ഞെട്ടി.
“പ്ഫ… വെച്ചിട്ട് പോയിനെടാ @#£&@# ..
കുറേ നാളായി ഇത് തുടങ്ങിയിട്ട്. കല്യാണം ആലോചിക്കാൻ നടക്കുന്നു.”
ഒരു സ്ത്രീയുടെ സംസാരം.
ഇത് കേട്ട് എന്താണിങ്ങനെ പറയാൻ കാരണമെന്നറിയാതെ പരസ്പരം നോക്കവേ ഫോണിൽ നിന്നും സ്ത്രീ ശബ്ദം.
“എൻ്റെ മകളുടെ കല്യാണം കഴിഞ്ഞിട്ട് എട്ടു വർഷമായി.രണ്ടു കുട്ടികളുമായി. എന്നിട്ടും ഇടയ്ക്കിടയ്ക്ക് കല്യാണം ആലോചിക്കാനെന്നും പറഞ്ഞ് വിളിച്ച് കളിയാക്കാൻ ഓരോരുത്തന്മാര് ഇറങ്ങിയേക്കുന്നു.”
അതു കേട്ട് ഞങ്ങൾ ഞെട്ടി.
” പോലീസിൽ പരാതി കൊടുത്താലെ ഇവന്മാരുടെ സൂക്കേട് തീരൂ.” അത്രയും പറഞ്ഞപ്പോഴേക്കും ഞാൻ ഫോൺ വാങ്ങി കട്ട് ചെയ്തു.
” മോന് സമാധാനമായല്ലോ.. ”
ഞാൻ ചിരിച്ചു കൊണ്ട് ചങ്ങാതിയോട് തിരക്കി.
അവൻ മറുപടി പറയാതെ ചാർജ്ജ് ചെയ്യാനിട്ട അവൻ്റെ ഫോണെടുത്ത് മാര്യേജ് ബ്യൂറോയുടെ നമ്പർ ഡയൽ ചെയ്ത് റോഡിലേക്കിറങ്ങി നടന്നു.
അവർക്കുള്ള “പച്ചമലയാളം ” കൊണ്ടുള്ള അഭിഷേകത്തിനുള്ള പുറപ്പാടിനാണെന്ന് എനിക്ക് മനസ്സിലായി.
സംഭവമോർത്ത് ചിരിക്കണോ അതോ കാശ് പോയതോർത്ത് വ്യസനിക്കണോ എന്നറിയാതെ ബ്യൂറോക്കാർ അയച്ച ലിസ്റ്റ് വലിച്ച് കീറി അടുപ്പിലിടാനായി ഞാൻ അടുക്കളയിലേക്ക് നടന്നു.
അപ്പോൾ ബ്യൂറോക്കാരുടെ പിതാമഹൻമാർ തുമ്മിത്തുടങ്ങിയിട്ടുണ്ടാവും എന്നത് ചിന്തനീയം.

എം.ജി.ബിജുകുമാർ

പന്തളം സ്വദേശി. പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ ബിഎഡും പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും ,ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമൊക്കെയെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാംസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു.
“ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. ഒരു കഥാസമാഹാരം പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. സരസ്വതീയം( https://youtu.be/LQFrt-sojwI )
കൊന്നപ്പൂങ്കനവ് ( https://youtu.be/HqaUy-dNLqA ) എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. പുതിയൊരെണ്ണത്തിൻ്റെ പണിപ്പുരയിലാണ്.