ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഇംഗ്ലണ്ട് ഫുട്ബോൾ ടീമിന്റെ നായകൻ ഹാരി കെയ്ൻ 2026ലെ ബാലൺ ഡി ഓർ പുരസ്കാരം സ്വന്തമാക്കി. 25 വർഷത്തിനുശേഷം ഈ പുരസ്കാരം നേടുന്ന ആദ്യ ഇംഗ്ലീഷ് താരമെന്ന നേട്ടവും ഇതോടെ 33കാരനായ കെയ്ൻ സ്വന്തമാക്കി. 2001ൽ മൈക്കൽ ഓവനാണ് ഇതിന് മുൻപ് ബാലൺ ഡി ഓർ നേടിയ ഇംഗ്ലീഷ് താരം. ലണ്ടനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് കെയ്നെ ലോകത്തിലെ മികച്ച ഫുട്ബോൾ താരമായി തിരഞ്ഞെടുത്തത്.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബയേൺ മ്യൂണിക്കിനായി കഴിഞ്ഞ സീസണിൽ 51 മത്സരങ്ങളിൽനിന്ന് 61 ഗോളുകൾ നേടിയ കെയ്ൻ, ക്ലബ്ബിന്റെ ബുണ്ടസ്‌ലിഗ കിരീടനേട്ടത്തിലും ജർമൻ കപ്പ് വിജയത്തിലും നിർണായക പങ്കുവഹിച്ചു. ക്ലബ്ബിനും ഇംഗ്ലണ്ട് ദേശീയ ടീമിനുമായി 2025–26 സീസണിൽ ആകെ 73 ഗോളുകളാണ് താരം നേടിയത്. ലോകകപ്പിൽ ഇംഗ്ലണ്ട് മൂന്നാം സ്ഥാനം നേടിയപ്പോഴും ആറ് ഗോളുകളുമായി കെയ്ൻ തിളങ്ങി. മികച്ച സ്ട്രൈക്കർക്കുള്ള പുരസ്കാരവും കെയ്ന് ലഭിച്ചു.

പുരസ്കാരം സ്വീകരിച്ചശേഷം ലണ്ടനിൽ നടന്ന ചടങ്ങ് തനിക്ക് കൂടുതൽ പ്രത്യേകതയുള്ളതാണെന്ന് കെയ്ൻ പറഞ്ഞു. ബയേൺ മ്യൂണിക്കിലെ സഹതാരങ്ങൾക്കും പരിശീലകൻ വിൻസെന്റ് കൊമ്പാനിക്കും ഇംഗ്ലണ്ട് ടീമിനും പരിശീലകൻ തോമസ് ടുഷേലിനും താരം നന്ദി അറിയിച്ചു. ബാലൺ ഡി ഓർ പട്ടികയിൽ ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ രണ്ടാം സ്ഥാനത്തും ബാഴ്‌സലോണയുടെ ലാമിൻ യമാൽ മൂന്നാം സ്ഥാനത്തുമെത്തി. ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാം 11-ാം സ്ഥാനത്തും ഡെക്ലൻ റൈസ് 15-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.