രാജകുടുംബത്തിൽ നിന്ന് ഏൽക്കേണ്ടി വന്ന അവഗണനകളെക്കുറിച്ച് ആദ്യമായി മനസ് തുറന്ന് ഹാരി രാജകുമാരനും ഭാര്യ മേഗൻ മർക്കലും. ആത്മഹത്യ ചെയ്യാൻ വരെ തോന്നിയെന്ന് മേഗൻ തുറന്നു പറഞ്ഞപ്പോൾ അച്ഛനുമായുള്ള തർക്കത്തെക്കുറിച്ചാണ് ഹാരി വെളിപ്പെടുത്തിയത്. ഒപ്ര വിൻഫ്രെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുവരും പ്രതികരിച്ചത്.
2020 ആദ്യം ഹാരിയും മേഗനും രാജകീയ പദവികൾ ഉപേക്ഷിച്ച് മകൻ ആർച്ചിക്കൊപ്പം വടക്കെ അമേരിക്കയിലേക്ക് ചേക്കേറിയിരുന്നു. ഇതിന് പിന്നാലെയാണ് രാജകുടുംബത്തിലെ പ്രശ്നങ്ങളെക്കുറിച്ച് മാധ്യമങ്ങൾ ചർച്ച ചെയ്തു തുടങ്ങിയത്. അഭ്യൂഹങ്ങൾക്കെല്ലാം വിരാമമിട്ടാണ് ഇരുവരും വിശദമായി അനുഭവങ്ങൾ പറയുന്നത്.
താൻ ആദ്യമായി ഗർഭം ധരിച്ചപ്പോൾ രാജകുടുംബത്തിലുണ്ടായ ചർച്ചകളും ആശങ്കകളും മേഗൻ വെളിപ്പെടുത്തി. ആർച്ചിയുടെ നിറം എത്രമാത്രം കറുത്തതാകുമെന്ന ചിന്ത അവരെ അലട്ടിയിരുന്നെന്നും ജനനത്തിന് മുമ്പ് തന്നെ കുഞ്ഞിന് സുരക്ഷാസംവിധാനങ്ങളോ രാജകീയ പദവിയോ നിഷേധിക്കപ്പെടുമെന്ന് അറിയിച്ചിരുന്നെന്നും മേഗൻ പറഞ്ഞു. അവിടുത്തെ അനുഭവങ്ങൾ ആത്മഹത്യയെ കുറിച്ചുള്ള ചിന്തയിലേക്കെത്തിച്ചു. . മാനസികാരോഗ്യം കൈവിട്ടപ്പോഴും വൈദ്യസഹായം നേടാനുള്ള അനുവാദം നിഷേധിക്കപ്പെട്ടു.
കേറ്റ് മിഡിൽടണ്ണിനെ കരയിച്ചതായുള്ള ആരോപണങ്ങൾ നിഷേധിച്ച മേഗൻ കേറ്റ് തന്നെയാണ് കരയിച്ചതെന്ന് പറഞ്ഞു. വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പായിരുന്നു ആ സംഭവം. ഫളവർ ഗേൾസിന്റെ വസ്ത്രത്തെക്കുറിച്ചുള്ള ഒരു കാര്യം എന്നെ നോവിച്ചു അത് എന്നെ കരയിപ്പിക്കുന്നതായിരുന്നു, മേഗൻ പറഞ്ഞു. ഇതിന് കേറ്റ് പിന്നീട് മാപ്പ് ചോദിച്ചതായും മേഗൻ വെളിപ്പെടുത്തി.
അച്ഛൻ പ്രിൻസ് ചാൾസ് ഇപ്പോൾ തന്റെ ഫോൺകോളുകൾ എടുക്കാറില്ലെന്നും കഴിഞ്ഞ വർഷം ആദ്യ പാദം മുതൽ സാമ്പത്തികമായി ഇല്ലാതാക്കിയിരുന്നെന്നും അമ്മ ഡയാന രാജകുമാരിയുടെ പണമാണ് താൻ ആശ്രയിച്ചതെന്നും ഹാരി പറഞ്ഞു. അഭിമുഖത്തിൽ ഇരുവരും സന്തോഷത്തോടെ പറഞ്ഞത് പിറക്കാനിരിക്കുന്ന കുഞ്ഞിനെ കുറിച്ച് മാത്രമാണ്. പെൺകുട്ടിയാണ് വരുന്നതെന്ന് വ്യക്തമാക്കി.
Leave a Reply