ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : രാജകുടുംബവുമായുള്ള ഹാരിയുടെ ബന്ധം കൂടുതൽ വഷളാകുന്നു. ഓപ്ര വിൻഫ്രിയുമായി അടുത്തിയിടെ നടത്തിയ അഭിമുഖത്തിൽ രാജകുടുംബത്തിനെ സംബന്ധിച്ച പല കാര്യങ്ങളും ഹാരി വെളിപ്പെടുത്തുകയുണ്ടായി. മാർച്ചിൽ വിൻഫ്രെയുമായുള്ള ദമ്പതികളുടെ അഭിമുഖത്തിന് മുന്നോടിയായി രാജകുടുംബവും മാധ്യമങ്ങളും തന്റെ ഭാര്യ മേഗനെ അപമാനിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ആപ്പിൾ ടിവി ഒരുക്കിയ ഒരു ഡോക്യുമെന്ററിയിലാണ് കൂടുതൽ കാര്യങ്ങൾ ഹാരി വെളിപ്പെടുത്തിയത്. ബാല്യകാലത്ത് പിതാവ് ചാൾസ് രാജകുമാരൻ തങ്ങളെ കഷ്ടപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. മേഗൻ എപ്രകാരമാണ് തന്റെ കഠിനമായ ചിന്തകൾ ഹാരിയോട് പങ്കുവച്ചതെന്ന് ഡോക്യുമെന്ററിയിൽ ഹാരി പറയുന്നുണ്ട്. യുകെയിൽ മേഗൻ അനുഭവിച്ച വംശീയതയെക്കുറിച്ച് പരാമർശിച്ച ഹാരി, അമ്മയുടെ മരണത്തെപ്പറ്റിയും സംസാരിച്ചു.
സ്വന്തം അനുഭവങ്ങളെക്കുറിച്ച് വളരെ സൂക്ഷ്മമായി സംസാരിക്കാതെ മാനസികാരോഗ്യത്തെക്കുറിച്ച് ഫലപ്രദമായി സംസാരിക്കാൻ ഹാരിയ്ക്ക് കഴിയുമായിരുന്നുവെന്ന് കൊട്ടാര വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ വെളിപ്പെടുത്തലുകൾ നടന്നതോടെ ഹാരിയുമായുള്ള രാജകുടുംബത്തിന്റെ ബന്ധം കൂടുതൽ വഷളാകുകയാണ്. അഞ്ച് എപ്പിസോഡ് ഇന്നലെ പൂർണമായി പുറത്തിറങ്ങി. രാജകുടുംബത്തിനും രാജവാഴ്ചയ്ക്കും ബ്രിട്ടീഷ് മാധ്യമങ്ങൾക്കുമെതിരായ മറ്റൊരു ആരോപണത്തിന് ഇത് കാരണമായി. അതിൽ നിരവധി ‘ട്രൂത്ത് ബോംബുകൾ’ അടങ്ങിയിരിക്കുന്നുവെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. രാജകുടുംബം മേഗനോട് തികഞ്ഞ അവഗണനയോടെയാണ് പെരുമാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം അഭിമുഖം നേടുന്നതിനായി ഡയാന രാജകുമാരിയെ വഞ്ചിച്ചതുപോലെയുള്ള സംഭവങ്ങൾ വീണ്ടും ഉണ്ടാവാതിരിക്കാൻ ബിബിസി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. മാർട്ടിൻ ബഷീർ 1995 ലെ അഭിമുഖത്തിന് വ്യാജ രേഖകൾ ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് താൻ വളരെയധികം ആശങ്കാകുലനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നീണ്ട 25 വർഷങ്ങൾക്കിപ്പുറം സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ അന്വേഷണം നടത്തിയതിന് മുൻ സുപ്രീം കോടതി ജഡ്ജി ഡൈസനോട് നന്ദിയുണ്ടെന്ന് ജോൺസൺ അറിയിച്ചു.
Leave a Reply