പെരിയാറ്റിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ആലുവയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. എറണാകുളം– ആലുവ റൂട്ടില്‍ ദേശീയ പാതയില്‍ കമ്പനിപ്പടിയില്‍ വെളളം കയറി. ഈ ഭാഗങ്ങളില്‍ കാല്‍മുട്ടിലേറെ വെള്ളം കയറി. അല്‍പം കൂടി പൊങ്ങിയാല്‍ ദേശീയ പാതയില്‍ തൃശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം തന്നെ നിരോധിക്കേണ്ടിവരും. കൊച്ചിയില്‍ പലയിടത്തും വൈദ്യുതി വിതരണം നിര്‍ത്തിവച്ചു.
ആലുവ റയില്‍വേ പാലത്തിന് സമീപം പെരിയാറിലെ ജലനിരപ്പ് അപകടനിലയില്‍ എത്തിയതോടെ വന്‍ മുന്‍കരുതലുകളാണ് ഏര്‍പ്പെടുത്തുന്നത്. എറണാകുളം –ചാലക്കുടി റൂട്ടില്‍ ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
പെരിയാരിന്‍റെ തീരത്ത് യുദ്ധസമാനമായ സാഹചര്യമാണ് ഉള്ളത്. 33,3000 ആളുകളെയാണ് പെരിയാറിന്‍റെ തീരത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ചത്. ഏകദേശം 12,000 കുടുംബങ്ങളെ പ്രളയം ബാധിച്ചിരിക്കുന്നു എന്നാണ് കണക്കുകൂട്ടല്‍.
എറണാകുളം ജില്ലയിലെ പുത്തൻവേലിക്കര, മാഞ്ഞാലി, അങ്കമാലി, ചേന്ദമംഗലം, ചിറ്റാറ്റുകര, പറവൂർ ഭാഗങ്ങളിൽ റോഡുകളിലും പൊതുസ്ഥലങ്ങളിലും ഗതാഗതം ഭാഗികമായി നിരോധിച്ചു. അതിജാഗ്രതയോടെയാണ് ജില്ലാ ഭരണകൂടം മുന്നോട്ടുനീങ്ങുന്നത്. എറണാകുളം നഗരത്തിന്‍റെ പ്രാന്തപ്രദേശങ്ങളിലും എത്തിക്കഴിഞ്ഞു.
പെരുംപ്രളയത്തില്‍ വിറങ്ങലിച്ച് കേരളം. സംസ്ഥാനത്ത് ഇന്നുമാത്രം 35 പേര്‍ മഴക്കെടുതികളില്‍ മരിച്ചു. തൃശൂര്‍ പൂമലയില്‍ വീട് തകര്‍ന്ന് രണ്ടു മരണം കൂടി സംഭവിച്ചതോടെയാണ് മരണം 35 ആയത്. തൃശൂര്‍ വെട്ടൂക്കാട്ട് ഉരുള്‍പൊട്ടി നാലു വീടുകള്‍ തകര്‍ന്നു.
പെരിങ്ങാവില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞ് മരിച്ച ഒമ്പതു പേരടക്കം 14 പേരാണ് മലപ്പുറം ജില്ലയില്‍ മാത്രം മരിച്ചത്. 39 ഡാമുകളില്‍ മുപ്പത്തിഅഞ്ചും തുറന്നു; പ്രധാനനദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. റോഡ്, റയില്‍, വ്യോമഗതാഗതം താളംതെറ്റി; എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ രാത്രിയിലും ഗുരുതരമായ സാഹചര്യം തുടരുകയാണ്.
Leave a Reply