ഹവാല ഇടപാടിലൂടെ വിദേശനാണ്യ വിനിമയച്ചട്ടം (ഫെമ) ലംഘിച്ചെന്ന പേരിൽ ജൂവലറി ഗ്രൂപ്പ് ഉടമയായ ജോയ് ആലുക്കാസിന്റെ 305.84 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടി. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ തൃശ്ശൂരിലെ വീടും ഹെഡ് ഓഫീസിലുമടക്കംനടന്ന റെയ്ഡിനുശേഷമാണ് നടപടി. ഉടമയായ ജോയ് ആലുക്കാസിനെ കൊച്ചി ഇ.ഡി. ഓഫീസിൽ വിളിച്ചുവരുത്തിയിരുന്നു.

അഞ്ചുവർഷംമുൻപ് ആദായനികുതി വകുപ്പാണ് ജോയ് ആലുക്കാസ് ഗ്രൂപ്പ് ഹവാല ഇടപാട് നടത്തിയെന്ന് സംശയിക്കാവുന്ന രീതിയിലുള്ള രേഖകൾ കണ്ടെടുത്തത്. പലപ്പോഴായി ദുബായിലെ ജോയ് ആലുക്കാസ് ജൂവലറിയിലേക്ക് ഇന്ത്യയിൽനിന്ന് ഹവാലയായി പണം നിക്ഷേപിച്ചെന്നായിരുന്നു കണ്ടെത്തൽ.

പൂർണമായും ജോയ് ആലുക്കാസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ജൂവലറി. ഈ വിവരം അന്നുതന്നെ ഇ.ഡി. ഉന്നതോദ്യോഗസ്ഥർക്ക് ഔദ്യോഗികമായി കൈമാറിയിരുന്നു. ആദായനികുതിവകുപ്പിന്റെ ഈ കേസിൽനിന്നാണ് ജോയ് ആലുക്കാസിനെതിരേയുള്ള ഇ.ഡി.യുടെ കേസിന്റെ തുടക്കം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഹവാല ഇടപാടിൽ ഗ്രൂപ്പിന്റെ പങ്ക്‌ വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചെന്ന് ഇ.ഡി. പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

നിയമവിരുദ്ധമായി കടത്തിയ പണത്തിന്റെ പ്രയോജനം ലഭിച്ചത് ദുബായിലെ ജൂവലറി കമ്പനിയുടെ ഉടമയായ ജോയ് ആലുക്കാസ് വർഗീസിനാണ്. അതിനാൽ അദ്ദേഹത്തിനെതിരേ ഫെമ നിയമപ്രകാരം കേസെടുത്തെന്നും ഇ.ഡി. വ്യക്തമാക്കി. തുടർന്നായിരുന്നു കണ്ടുകെട്ടൽ.

തൃശ്ശൂർ ശോഭാസിറ്റിയിലെ ഭൂമിയും കെട്ടിടങ്ങളുമുൾപ്പെടെ 81.54 കോടി രൂപ വിലമതിക്കുന്ന 33 വസ്തുക്കൾ, 91.22 ലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ടുകൾ, 5.58 കോടിരൂപയുടെ സ്ഥിരനിക്ഷേപങ്ങൾ, ജോയ് ആലുക്കാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 217.81 കോടി രൂപയുടെ ഓഹരികൾ എന്നിവയാണ് കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നത്.