ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കൊറോണ വൈറസ് പടർന്നുപിടിച്ചത് മുതൽ എൻ എച്ച് എസിലും സമൂഹത്തിലും പൊതുജനങ്ങൾക്കിടയിലും ഇറങ്ങി പ്രവർത്തിച്ച് കോവിഡിനോട് യുദ്ധം പ്രഖ്യാപിച്ചവരാണ് ആരോഗ്യ പ്രവർത്തകർ. സ്വന്തം ജീവന് വില കൽപ്പിക്കാതെ മറ്റുള്ളവർക്കായി പോരാടുന്നവർക്ക് ലഭിക്കുന്നത് കണ്ണീരും കഷ്ടപ്പാടും മാത്രമാണ്. മതിയായ വ്യക്തിഗത സംരക്ഷണം ഇല്ലാതെ ജോലി ചെയ്തതുമൂലവും കോവിഡിനോട് പൊരുതിയും രാജ്യത്ത് ഏകദേശം 930 ആരോഗ്യപ്രവർത്തകർക്ക് ജീവൻ നഷ്ടപ്പെട്ടു. കൊറോണയ്ക്കെതിരെ പോരാടുന്നവർക്ക് മികച്ച വ്യക്തിഗത സംരക്ഷണം ഉറപ്പാക്കണമെന്ന ആവശ്യവുമായി 20 ഓളം പ്രധാന ആരോഗ്യസംഘടനകൾ പ്രധാനമന്ത്രിക്ക് കത്തയച്ചു. വായുവിലൂടെ വൈറസ് പടരുന്നത് തടയാനുള്ള നടപടികൾ അപര്യാപ്തമാണെന്നും മാസ്‌കുകളിലും മറ്റ് പ്രതിരോധ സാമഗ്രികളിലും അടിയന്തിര പുരോഗതി ആവശ്യമാണെന്നും അവർ അറിയിച്ചു. ഡോക്ടർമാർ, നഴ്‌സുമാർ, ഡയറ്റീഷ്യൻമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ തുടങ്ങിയ ആരോഗ്യ വിദഗ്ധർ ഉൾപ്പെടുന്ന സംഘടനകളാണ് ആവശ്യമുന്നയിച്ചത്.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആരോഗ്യ പ്രവർത്തകർക്ക് പൊതുജനങ്ങളെ അപേക്ഷിച്ച് മൂന്നോ നാലോ ഇരട്ടി അപകടസാധ്യത ഉള്ളതിനാൽ കൂടുതൽ ജീവൻ നഷ്ടപ്പെടാതിരിക്കാൻ അടിയന്തിര ഇടപെടൽ നടത്തേണ്ടത് അത്യാവശ്യമാണെന്ന് അവർ കൂട്ടിച്ചേർത്തു. വീടുകളിലും ഓപ്പൺ വാർഡുകളിലും ജോലി ചെയ്യുന്ന നഴ്‌സുമാർക്ക് മികച്ച സംരക്ഷണം ആവശ്യമാണെന്ന് റോയൽ കോളേജ് ഓഫ് നഴ്‌സിംഗിന്റെ ചീഫ് എക്‌സിക്യൂട്ടീവും ജനറൽ സെക്രട്ടറിയുമായ ഡാം ഡോന്ന കിന്നെയർ പറഞ്ഞു. മെച്ചപ്പെട്ട വെന്റിലേഷൻ, എഫ്‌എഫ്‌പി 3 മാസ്കുകൾ പോലുള്ള മികച്ച സംരക്ഷണം എന്നിവ അവർ അവശ്യപ്പെട്ടു.

കോവിഡ് രോഗികളുമായി ഇടപെടുന്ന എല്ലാ സ്റ്റാഫുകൾക്കും ഉയർന്ന നിലവാരത്തിലുള്ള വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (പിപിഇ) പതിവായി അനുവദിക്കുന്നതിനുള്ള ശ്രമങ്ങൾ എങ്ങുമെത്താതെ പോയി. വായുവിലൂടെ വൈറസ് പടരുന്നതിന്റെ തെളിവുകൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ആവശ്യമുള്ളപ്പോൾ ഉപദേശം അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുമെന്നും സർക്കാർ വക്താവ് അറിയിച്ചു. മതിയായ സംരക്ഷണം ഇല്ലാതെ ജോലി നോക്കേണ്ടിവരുന്നതിലൂടെ ആരോഗ്യപ്രവർത്തകരുടെ ജീവനാണ് അപകടത്തിലാകുന്നത്. ഇവിടെ കയ്യടികൾക്കല്ല പ്രസക്തി ; മികച്ച സംരക്ഷണമാണ് അവർക്കായി സർക്കാർ ഒരുക്കേണ്ടത്.