ഡോക്ടർ എ. സി. രാജീവ്‌ കുമാർ

ജീവിതം ആരോഗ്യകരമാക്കാൻ, ആയുരാരോഗ്യ സൗഖ്യം പകരുന്ന ദിനചര്യ ശീലമാക്കണം. ജീവിത ശൈലീരോഗങ്ങൾ എന്നൊരു ചിന്ത ആധുനിക കാലഘട്ടത്തിൽ ഏറെ അംഗീകരിക്കുന്നു. ഒട്ടേറെ രോഗങ്ങൾ ഇന്ന് ജീവിതശൈലീ രോഗങ്ങളായി കണ്ടെത്തിയിട്ടുണ്ട്. ഇവയെ അകറ്റി നിർത്താൻ ജീവിതശൈലീ ക്രമീകരണം കൊണ്ട് മാത്രമേ സാധ്യമാകു.

ഉത്തമ ദിനചര്യ പാലിക്കാൻ ആയുർവ്വേദം നിർദേശിക്കുന്നത് ഇക്കാരണത്താലാണ്. ഉദയം മുതൽ അടുത്ത ഉദയം വരെ ഒരുദിവസം എങ്ങനെ എന്തെല്ലാം ചെയ്യണം എന്നതാണ് ദിനചര്യയിൽ പറയുന്നത്.

ശുചിത്വ പരിപാലനത്തിന് ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്. രാവിലെ സൂര്യദായത്തിനു മുൻപ് അഞ്ച് മണിയോടെയെങ്കിലും ഉണരുക. സ്വയം അപഗ്രഥനം ആണ് ആദ്യം. കഴിഞ്ഞുപോയ ദിവസം, അന്ന് കഴിച്ച ആഹാരം ദഹിച്ചിട്ടുണ്ടോ? ഇന്നലെ എങ്ങനെ എന്തെല്ലാം നടന്നു എന്നും അപഗ്രഥിക്കാവുന്നതാണ്. വയറിനു അയവ് ഘനം കുറയുക, വയ്ക്ക് രുചി, ഉദ്ഗാരത്തിലും കീഴ്ശ്വാസത്തിനും ഗന്ധം ഇല്ലായ്‌ക, വിശപ്പ് തോന്നുക എന്നിവയൊക്കെ ആഹാരം ദഹിച്ചതിന്റേതായ ലക്ഷണങ്ങൾ ആകുന്നു. മലമൂത്ര വിസർജനം ചെയ്തു ശരീരശുദ്ധി
വരുത്തിയ ശേഷം ദന്തശുദ്ധിക്കായി പല്ല് തേയ്ക്കണം.

കായ്പൊ ചവർപ്പോ രുചിയുള്ള കമ്പുകൾ അഗ്രംചതച്ച് മുകളിലേക്കും താഴേക്കും ആയി പല്ലുകളിൽ ഉരസിയാണ് ദന്തശുദ്ധിവരുത്തേണ്ടത്. പല്ല് തേക്കുമ്പോൾ ദന്തമൂലങ്ങൾ, ഊനുകൾക്കു കേടു വരാതെയാവണം തെക്കുവൻ. നാക്കിൽ അടിയുന്നവ ഈർക്കിൽ, മാവിലയുടെ നടുവിലെ കട്ടിയുള്ള ഭാഗം എന്നിവ കൊണ്ടു വടിച്ചുകളയണം.

വായ് നിറച്ചു വെള്ളം നിർത്തിയും, കുലുക്കി ഉഴിഞ്ഞും വായ് വൃത്തിയാക്കുകയാണ് വേണ്ടത്. പല്ലുകൾ തേയ്ക്കാനാവാത്തവർ പലവട്ടം വായ് കഴുകിയാലും മതിയാകും. കണ്ണുകളുടെ ആരോഗ്യരക്ഷയെ കരുതി, കണ്ണുകളിൽ ഔഷധ സിദ്ധമായ അഞ്ജനം എഴുതേണ്ടതാണ്.
ശരീര ക്ഷീണം അകറ്റാനും, ശുചിത്വ പരിപാലനത്തിനും, ചർമ്മ സൗന്ദര്യത്തിനും, ജരാനരകൾ അകറ്റി ആരോഗ്യം നിലനിർത്താനും, സന്ധികൾക്കും പേശികൾക്കും ഉണ്ടാകാവുന്ന വേദനകൾ മാറ്റാനും അഭ്യംഗം ചെയ്യണം. ശരീര പ്രകൃതിക്കനുസൃതമായ ആയുർവേദ തൈലം ദേഹമാകെ പുരട്ടി തിരുമ്മി ചൂട്‌ വെള്ളത്തിൽ ദേഹം കഴുകാനാണ് വിധിച്ചിട്ടുള്ളത്. തലയിലും ഉള്ളംകാലിലും കയ്യിലും ചെവികളിലും എണ്ണ തേയ്ക്കുവാൻ മറക്കരുത്. തല കഴുകുന്നത് ചൂടില്ലാത്ത വെള്ളത്തിൽ ആവണം.

പുറമെയും അകമേയും ശുദ്ധിവരുത്തിയ ശരീരമനസ്സോടെയുള്ള ഒരുവന് വിശപ്പുണ്ട് എങ്കിൽ പ്രാതൽ, പ്രഭാത ഭക്ഷണം ആകാം. ഷഡ്രസ സമ്പന്നമായ ആഹാരമാണ് സമീകൃത ആഹാരമായി കരുതുന്നത്. ദേശകാലാവസ്‌ഥ അനുസരിച്ചുള്ള ഭക്ഷണം ആയിരിക്കും ഉചിതം.

 

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154