ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ബ്രിട്ടീഷ് വിമാനത്താവളങ്ങളിലെ പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നു. വേനലവധിക്കാലത്ത് യാത്രക്കാർ നരകയാതന അനുഭവിക്കേണ്ടി വരുമെന്ന് ഏറെക്കുറെ ഉറപ്പായികഴിഞ്ഞു. ഹീത്രൂ, സ്റ്റാൻസ്റ്റഡ് എയർപോർട്ടുകളിൽ ഇന്ന് യാത്രക്കാരുടെ നീണ്ട നിര രൂപപ്പെട്ടു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വേനൽക്കാലത്തെ വിമാന യാത്രികരുടെ എണ്ണം മൂന്നിരട്ടിയായി ഉയർന്നിട്ടുണ്ട്. എന്നാൽ, ജീവനക്കാരുടെ സമരവും തകരാറിലായ ലഗേജ് സംവിധാനവും പ്രതിസന്ധി രൂക്ഷമാക്കുകയാണ്. കോവിഡ് കാലത്തു വെട്ടിക്കുറച്ച പത്തു ശതമാനം ശമ്പളം പുനഃ സ്ഥാപിക്കാന്‍ വിമാനത്താവള ജീവനക്കാര്‍ സമരം തുടങ്ങി.
ഇതോടെ, കണ്‍വെയര്‍ ബെല്‍റ്റുകള്‍ പോലും പ്രവര്‍ത്തിപ്പിക്കാന്‍ ആളില്ലാതെ ചെക് ഇന്‍ ചെയ്ത ബാഗേജുകള്‍ വിമാനത്താവളത്തില്‍ കുന്നുകൂടുകയാണ്. പ്രതിസന്ധി താങ്ങാനാവാതെ മുപ്പത് വിമാനങ്ങളാണ് ഇന്നലെ റദ്ദാക്കിയത്. ഈസിജെറ്റ് ക്യാബിൻ ക്രൂ ഇന്ന് പണിമുടക്ക് ആരംഭിച്ചു. ബാഴ്‌സലോണ, മലാഗ, പാൽമ എന്നിവിടങ്ങളിലെ ഈസിജെറ്റിന്റെ ജീവനക്കാരും ജോലി നിർത്തിവയ്ക്കും. മൂന്ന് സമരങ്ങളിൽ ആദ്യത്തേത് ഇന്ന് മുതൽ ജൂലൈ 3 വരെയാണ്. ആകെ ഒൻപത് ദിവസം പണിമുടക്കും.
ക്യൂ നിന്ന് ക്ഷീണിതരായ യാത്രക്കാർ വിമാനത്താളങ്ങളിൽ കിടന്നുറങ്ങുന്ന ദൃശ്യങ്ങൾ, ഈ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. വിമാനങ്ങൾ വൈകുന്നതും ഇപ്പോൾ സ്ഥിരം കാഴ്ചയാണ്. കഴിഞ്ഞ ഏതാനും ദിവസമായി ലണ്ടന്‍ – കൊച്ചി എയര്‍ ഇന്ത്യ വിമാനം മൂന്നു – നാല് മണിക്കൂർ വൈകിയാണ് പുറപ്പെടുന്നത്. സ്വന്തം ബാഗുകൾ നഷ്ടമായ അവസ്ഥയിലാണ് പലരും നാട്ടിലെത്തുന്നത്. ബാഗേജുകളുടെ തെളിവ് കൈയിൽ കരുതുന്നതിനോടൊപ്പം വിലപിടിപ്പുള്ള വസ്തുക്കളുമായി യാത്ര ചെയ്യാതിരിക്കുന്നതാണ് ഇപ്പോൾ നല്ലത്.
Leave a Reply