ലണ്ടന്‍: വിദ്യാഭ്യാസ രംഗത്ത് ആഗോളതലത്തില്‍ നടക്കുന്ന റാങ്കിംഗ് ഫലങ്ങള്‍ പുറത്ത്. യുകെയില്‍ നിന്ന് ഇംഗ്ലണ്ടും നോര്‍ത്തേണ്‍ അയര്‍ലന്‍ഡും ആദ്യ പത്ത് സ്ഥാനങ്ങില്‍ എത്തി. പ്രോഗ്രസ് ഇന്‍ ഇന്റര്‍നാഷണല്‍ റീഡിംഗ് ലിറ്ററസി സ്റ്റഡി (പേള്‍സ്), ടിംസ് മാത്ത്‌സ് ടെസ്റ്റ്, ഒഇസിഡി പിസ ടെസ്റ്റ്, മറ്റ് ഹയര്‍ എജ്യുക്കേഷന്‍ ടേബിളുകള്‍ എന്നിവയില്‍ നടത്തുന്ന പരിശോധനകളുടെ ഫലങ്ങളാണ് പുറത്ത് വന്നത്. പ്രൈമറി സ്‌കൂളുകളില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഈ പരിശോധനകളില്‍ എന്താണ് വ്യക്തമാക്കപ്പെടുന്നത്? ചില വസ്തുതകള്‍ പരിശോധിക്കാം

ഇംഗ്ലണ്ടും നോര്‍ത്തേണ്‍ അയര്‍ലന്‍ഡും ഗ്ലോബല്‍ സ്‌കൂള്‍ റാങ്കിംഗില്‍ ആദ്യത്തെ 10 സ്ഥാനങ്ങളില്‍ എത്തി. ഫിന്‍ലന്‍ഡ് പോലെ ശക്തമായ വിദ്യാഭ്യാസ സംവിധാനങ്ങളുള്ള രാജ്യങ്ങളെ പിന്നിലാക്കിക്കൊണ്ടാണ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ആറാം സ്ഥാനം പങ്കുവെച്ചത്. പേള്‍സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് എട്ടാം സ്ഥാനത്തും എത്തി.

റഷ്യ നടത്തിയ മുന്നേറ്റമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പേള്‍സ്, പിസ ടെസ്റ്റുകളില്‍ സാധാരണയായി സിംഗപ്പൂര്‍, ഫിന്‍ലന്‍ഡ്, സൗത്ത് കൊറിയ, ചൈനയുടെ ചില ഭാഗങ്ങള്‍ എന്നിവയാണ് മുന്‍ നിരയില്‍ എത്താറുള്ളത്. ഇത്തവണ മുന്നേറ്റം നടത്തിയ റഷ്യ ഗോള്‍ഡ് മെഡലാണ് ഉറപ്പിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ അതിശയിക്കേണ്ട കാര്യമില്ലെന്നാണ് പരീക്ഷ നടത്തിയവര്‍ പറയുന്നത്. ഈ പരീക്ഷകള്‍ ആരംഭിക്കുന്നതിന് മുമ്പും റഷ്യ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്.

ഓരോ പ്രദേശങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യം ഉറപ്പാക്കിയാണ് പരീക്ഷകള്‍ നടത്തുന്നത്. ജനങ്ങള്‍, സ്‌കൂളുകള്‍ എന്നിവയുടെ വൈവിധ്യവും പരിഗണിക്കും. പേള്‍സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഫലം നിര്‍ണ്ണയിച്ചത് 170 സ്‌കൂളുകളില്‍ നിന്നുള്ള 5000 വിദ്യാര്‍ത്ഥികളുടെ പ്രകടനമാണ്. റഷ്യയുടെ ഫലത്തിന് കാരണമായത് 206 സ്‌കൂളുകളില്‍ നിന്ന് പങ്കെടുത്ത 4600 കുട്ടികളും.അമേരിക്കയില്‍ നിന്ന് ഈ ടെസ്റ്റില്‍ പങ്കെടുത്തത് 4425 വിദ്യാര്‍ത്ഥികളായിരുന്നു.

സങ്കീര്‍ണ്ണതകള്‍ ഒട്ടുമില്ലാത്ത വസ്തുതകളുടെ അടിസ്ഥാനത്തിലാണ് പരീക്ഷകള്‍ നടത്തുന്നത്. എന്നാല്‍ വ്യത്യസ്ത പ്രായങ്ങളിലുള്ളവര്‍ ഒരേ പരീക്ഷ എഴുതുന്നുണ്ട് എന്ന വസ്തുത ശ്രദ്ധയര്‍ഹിക്കുന്നതുമാണ്. പക്ഷേ മുന്‍നിരയിലുള്ള ഫിന്‍ലന്‍ഡ് വിദ്യാര്‍ത്ഥികള്‍ റാങ്ക് കുറഞ്ഞ ഫ്രഞ്ച്, ഇറ്റാലിയന്‍ വിദ്യാര്‍ത്ഥികളേക്കാള്‍ ശരാശരി പ്രായം കുറഞ്ഞവരാണെന്ന വസ്തുതയും വിസ്മരിക്കപ്പെടാവുന്നതല്ല.

വിജയങ്ങള്‍ ആരുടെ ക്രെഡിറ്റില്‍ എന്നതാണ് വേറൊരു തര്‍ക്കം. നിലവിലുള്ള സര്‍ക്കാര്‍ ഇതിന്റെ ക്രെഡിറ്റ് അവകാശപ്പെടുക എന്നതാണ് കീഴ്‌വഴക്കം. പരാജയങ്ങള്‍ക്ക് മുന്‍ സര്‍ക്കാര്‍ ആരോപണം കേള്‍ക്കുകയും ചെയ്യും. നാഷണല്‍ കരിക്കുലം ടെസ്റ്റിംഗ് സിസ്റ്റമാണ് ഇംഗ്ലണ്ടിന്റെ വിജയത്തിന് അടിത്തറയിട്ടതെന്ന് വാദിക്കുന്നുണ്ടെങ്കിലും മതാടിസ്ഥാനത്തിലുള്ള സ്‌കൂളുകളും സെലക്ടീവ് സെക്കന്‍ഡറി സ്‌കൂളുകളുമുള്ള നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ഇംഗ്ലണ്ടിനേക്കാള്‍ മുന്നിലെത്തിയതിന് ഈ മാനദണ്ഡം വിശദീകരണം നല്‍കുന്നില്ല. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് സാറ്റ് പരീക്ഷകളും നടത്തുന്നില്ല.

ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ ഓപ്പറേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് ആണ് പ്രോഗ്രാം ഫോര്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് അസസ്‌മെന്റ് ടെസ്റ്റ് എന്ന ഈ അവലോകനം ആഗോളതലത്തില്‍ നടത്തുന്നത്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് വിദ്യാഭ്യാസ രീതികളെ മാറ്റാന്‍ അതാത് രാജ്യങ്ങളിലെ സര്‍ക്കാരുകളെ പ്രേരിപ്പിക്കുക എന്നതാണ് ഇത് ലക്ഷ്യമിടുന്നത്. പല ഏഷ്യന്‍ രാജ്യങ്ങളേക്കാള്‍ പിന്നിലാണെന്ന് വിദ്യാഭ്യാസത്തില്‍ മുമ്പനെന്ന് കരുതിയ ജര്‍മനിക്ക് വ്യക്തമാക്കിക്കൊടുത്ത ഈ പരീക്ഷയെ പിസ ഷോക്ക് എന്നാണ് ആ രാജ്യത്ത് അറിയപ്പെടുന്നത്.