പെരുംപ്രളയത്തില്‍ വിറങ്ങലിച്ച് കേരളം. സംസ്ഥാനത്ത് ഇന്നലെയും ഇന്ന് പുലര്‍ച്ചെയുമായി മാത്രം മരിച്ചവരുടെ എണ്ണം 35 ആയി. ഈരാറ്റുപേട്ട തീക്കോയിക്കുസമീപം വീടിനുമുകളില്‍ മണ്ണിടിഞ്ഞ് വീണ് നാലുമരണം സംഭവിച്ചു. മൂന്നുപേരെ രക്ഷപെടുത്തി. മേഖലയില്‍ മഴയും മണ്ണിടിച്ചിലും തുടരുകയാണ്.
മരിച്ചവര്‍: നരിമാറ്റത്തില്‍ കൊട്ടിരിക്കല്‍ വീട്ടില്‍ മാമി(85),അല്‍ഫോണ്‍സ (11),മോളി (49), ടിന്റു (7). ചികില്‍സയിലുള്ള ജോമോന്റെ നിലഗുരുതരമാണ്. തൃശൂര്‍ പൂമലയില്‍ വീട് തകര്‍ന്ന് രണ്ടു പേര്‍ മരിച്ചതോടെയാണ് മരണസംഖ്യ 35 ആയത്. തൃശൂര്‍ വെട്ടൂക്കാട്ട് ഉരുള്‍പൊട്ടി നാലു വീടുകള്‍ തകര്‍ന്നു. ആളപായമില്ല; ഇറിഗേഷന്‍ കനാലും തകര്‍ന്നു.
പെരിങ്ങാവില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞ് മരിച്ച ഒമ്പതു പേരടക്കം 14 പേരാണ് മലപ്പുറം ജില്ലയില്‍ മാത്രം ഇന്നലെ മരിച്ചത്. 39 ഡാമുകളില്‍ മുപ്പത്തിഅഞ്ചും തുറന്നു; പ്രധാനനദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. റോഡ്, റയില്‍, വ്യോമഗതാഗതം താളംതെറ്റി; എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ രാത്രിയിലും ഗുരുതരമായ സാഹചര്യം തുടരുകയാണ്.
പത്തനംതിട്ട ജില്ലയില്‍ പമ്പയുടെ തീരത്ത് കുടുങ്ങിയവരെ രക്ഷിക്കാന്‍ സൈന്യം പുറപ്പെട്ടു. മിലിട്ടറി എന്‍ജിനിയറിങ് സര്‍വീസിന്റെ ദൗത്യസംഘത്തില്‍ 50 പേരാണുളളത്. തിരുവല്ല, പത്തനംതിട്ട, റാന്നി, കോഴഞ്ചേരി എന്നിവിടങ്ങളില്‍ നേവിയെത്തും. റാന്നി, കോഴഞ്ചേരി, ആറന്‍മുള, സീതത്തോട് എന്നിവിടങ്ങളിലാണ് ആളുകള്‍ കെട്ടിടങ്ങളുടെ മുകളില്‍ കഴിയുന്നത്. രാവിലെ മുതല്‍ ഭക്ഷണം ലഭിക്കാത്തിനാല്‍ പലരും അവശനിലയിലാണ്.
രക്ഷിക്കണമെന്നാവശ്യപ്പെട്ട് പലയിടങ്ങളില്‍ നിന്നും വാട്സാപ്പില്‍ സന്ദേശമെത്തുന്നുണ്ട്. ആറന്‍മുള ക്ഷേത്രത്തിനടുത്ത് കോഴിപ്പാലത്ത് 30 വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. രക്ഷാദൗത്യത്തിനുപോയ സുരക്ഷാ ഉദ്യോഗസ്ഥരും വില്ലേജ് ഓഫിസറുമടക്കം അന്‍പതിലധികം പേര്‍ മാരമണില്‍ കുടുങ്ങിക്കിടക്കുകയാണ്.
പെരിയാറില്‍ ഒരോനിമിഷം കഴിയുംതോറും ജലനിരപ്പ് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ആലുവ ടൗണിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. പെരിയാറിന്റെ തീരപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. എറണാകുളം നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലും പ്രളയജലമെത്തി. കളമശേരിക്കടുത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന് തൃശൂര്‍ എറണാകുളം ദേശീയപാതയില്‍ ഒരു ഭാഗത്ത് കൂടിയുള്ള ഗതാഗതം നിലച്ചു. ജലനിരപ്പ് ഉയര്‍ന്നാല്‍ ഗതാഗതം പൂര്‍ണമായി നിര്‍ത്തിവയ്ക്കേണ്ടിവരും.
Leave a Reply