തിമിർത്ത് പെയ്യുന്ന മഴ ഇന്നുമുതൽ മൂന്നു ദിവസത്തേക്ക് ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഒമ്പത് സെന്റീമീറ്ററിനു മുകളിൽ മഴ പെയ്തേക്കും. കനത്ത മഴ തുടരുന്നതിനാൽ സംസ്ഥാനത്തെ നാല് ജില്ലകളിൽ രാത്രിയാത്ര ഒഴിവാക്കണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കോഴിക്കോട്, വയനാട്, കോട്ടയം, ഇടുക്കി ജില്ലകളിലുള്ളവർ രാത്രിയാത്ര ഒഴിവാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഉരുള്‍പൊട്ടലിനുള്ള സാധ്യതയുള്ളതിനാൽ മലമ്പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ മുന്‍കരുതലെടുക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
മാസങ്ങളായി തുടരുന്ന ശക്തമായ മഴയിൽ ഇടുക്കി അണക്കെട്ടും നിറഞ്ഞു. ഇടുക്കി പദ്ധതിപ്രദേശത്ത് ഈ മാസം ഇതുവരെ കഴിഞ്ഞ വർഷത്തേക്കാൾ 161.6 മില്ലിമീറ്റർ അധികമഴയാണ് ലഭിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബർ ഒന്നുമുതൽ 16 വരെ 63.2 മില്ലിമീറ്റർ മഴയാണു ലഭിച്ചിരുന്നത്. എന്നാൽ, ഈവർഷം ഇതേ കാലയളവിൽ 227 മില്ലിമീറ്റർ മഴ ലഭിച്ചിട്ടുണ്ട്. ഇടുക്കി അണക്കെട്ടിൽ നിലവിൽ 107.34 കോടി യൂണിറ്റ് വൈദ്യുതിക്കുള്ള വെളളമാണുള്ളത്.
Leave a Reply