കേരളത്തിൽ വീണ്ടും കനത്ത മഴ, കടല്‍ ഇരമ്പുന്നു; 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കേരളത്തിൽ വീണ്ടും കനത്ത മഴ, കടല്‍ ഇരമ്പുന്നു; 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
September 25 03:42 2019 Print This Article

ചെറിയൊരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. എറണാകുളം തൃശ്ശുർ ഒഴികെയള്ള ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർദേശം നിലവിലുള്ളത്. നാളെ ഇടുക്കിയിലും പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.

പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മണിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ പി ബി നൂഹ് നിര്‍ദ്ദേശം നല്‍കി. മണിയാര്‍ ഡാമിലെ ജലനിരപ്പ് 34.60 മീറ്റര്‍ ആയി നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് സ്പില്‍വേ ഷട്ടറുകള്‍ 30 സെ.മീ എന്ന തോതില്‍ ഉയര്‍ത്തുക. അധിക ജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിടുമെന്നാണ് അറിയിപ്പ്.

ഇതിനിടെ, മധ്യ-കിഴക്കൻ അറബിക്കടലിനോട് ചേർന്നുള്ള വടക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ഹികാ അതിതീവ്ര ചുഴലിക്കാറ്റിന്റെ ഫലമായാണ് മഴ കനത്തത്. ഗുജറാത്ത് തീരത്തു രൂപം കൊണ്ട ഹികാ ചുഴലിക്കാറ്റ് മണിക്കൂറിൽ 26 മുതൽ 110 കിലോമീറ്റർ വരെ വേഗത്തിൽ ഒമാൻ തീരത്തേക്കു നീങ്ങി. ഇതോടെ അറബ് രാജ്യമായ ഒമാനിലെ മസീറ ദ്വീപിലും സമീപ മേഖലകളിലും ഇന്നലെ ഉച്ചമുതൽ കാറ്റും മഴയും ശക്തമായി.

മസീറയിലെ സർക്കാർ ഓഫിസുകൾക്കും സ്കൂളുകൾക്കും ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു. ദുഖം തുറമുഖത്തെ ജീവനക്കാരെ ഒഴിപ്പിച്ചു. ചുഴലിക്കാറ്റിന്റെ വേഗം അടുത്ത 12 മണിക്കൂറിൽ 120 മുതൽ 130 കിലോമീറ്റർ വരെ ആയേക്കാമെന്നാണു കാലാവസ്ഥാ പ്രവചനം. അറബിക്കടലിന്റെ വടക്കു പടിഞ്ഞാറ്, മധ്യ പടിഞ്ഞാറ് ഭാഗങ്ങളിൽ മീൻപിടിക്കാൻ പോകരുതെന്നു മുന്നറിയിപ്പുണ്ട്.

കേരളം ‘ഹികാ’ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിൽ ഇല്ല. എന്നാൽ അറബിക്കടലിൽ മൽസ്യബന്ധനത്തിന് പോകുന്ന മൽസ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.

കേരള തീരത്ത് മൽസ്യബന്ധനത്തിന് പോകുന്നതിൽ തടസ്സമില്ല. ലക്ഷദ്വീപ് മേഖലയിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ വേഗതയിൽ ശക്തമായ കാറ്റിനുള്ള സാധ്യതയുണ്ട്.

വടക്കു പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്നുള്ള മധ്യ-പടിഞ്ഞാറൻ അറബിക്കടൽ എന്നീ സമുദ്രപ്രദേശങ്ങളിൽ അടുത്ത 48 മണിക്കൂറിൽ കടൽ അതീവ പ്രക്ഷുബ്‌ധമാവാൻ സാധ്യതയുണ്ട്. സെപ്റ്റംബർ 25 രാവിലെ വരെ ഈ പ്രദേശങ്ങളിൽ മൽസ്യ തൊഴിലാളികൾ മൽസ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ല. മേൽപറഞ്ഞ കാലയളവിൽ മത്സ്യ തൊഴിലാളികൾ പ്രസ്തുത പ്രദേശങ്ങളിൽ കടലിൽ പോകരുതെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നിർദ്ദേശിക്കുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles