കാലവർഷം കനത്തതോടെ സംസ്ഥാനത്ത് പ്രളയസമാന സാഹചര്യം. വടക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ ശക്തം. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. കോഴിക്കോട്, വയനാട്, കണ്ണൂർ, കോട്ടയം എന്നീ ജില്ലകളിൽ വിവിധ ഇടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. വടക്കൻ കേരളത്തിലെ മലയോര മേഖലകളിൽ പലയിടത്തും മണ്ണിടിച്ചിൽ തുടരുകയാണ്. മഴക്കെടുതിയിൽ ഇതുവരെ 15 പേർക്ക് ജീവൻ നഷ്ടമായി.
• മഴക്കെടുതിയിൽ ഇന്ന് സംസ്ഥാനത്ത് ആറു പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ കാലവർഷക്കെടുതിയിൽ മരിച്ചവരുടെ എണ്ണം പതിനഞ്ചായി.
• മലപ്പുറം എടവണ്ണ കുണ്ടുതോടിൽ വീട് തകർന്ന് നാലു മരിച്ചു. കുണ്ടുതോട് സ്വദേശി ഉനൈസ്, സന, നുസ്രത്ത്, ശനിൽ എന്നിവരാണ് മരിച്ചത്. കുറ്റ്യാടിയിൽ ഒഴുക്കിൽപ്പെട്ട് രണ്ടുപേർ മരിച്ചു. മാക്കൂർ, മുഹമ്മദ് ഹാജി, ഷരീഫ് സഖാഫി എന്നിവരാണ് മരിച്ചത്.
• മേപ്പാടി ചൂരൽമല പുത്തുമലയിൽ ആറിടത്ത് ഉരുൾപൊട്ടലുണ്ടായി. എസ്റ്റേറ്റ് ക്വാർട്ടേഴ്സും കന്റീനും മണ്ണിനടയിലാണ്.
• നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ചവരെ അടച്ചു.
• സംസ്ഥാനത്ത് ആകെ 315 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
• അപകടസ്ഥലങ്ങളിലുള്ളവര് ക്യാമ്പുകളിലേക്ക് മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.
• വടകര വിലങ്ങാടിൽ ഉരുൾപൊട്ടി നാലുപേരെ കാണാതായി. മൂന്നു വീടുകൾ പൂർണമായും മണ്ണിനടിയിലായി.
• മലങ്കര ഡാമിന്റെ ഷട്ടറുകൾ 110 സെന്റീമീറ്റർ ഉയർത്തി.
• ഈരാറ്റുപേട്ട അടുക്കത്ത് ഉരുൾപ്പൊട്ടി. പാലായും കോട്ടയത്തിന്റെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിൽ. മീനച്ചിലാർ, മൂവാറ്റുപുഴയാർ, മണിമലയാർ എന്നീ നദികൾ കരകവിഞ്ഞൊഴുകുന്നു.
• കോട്ടയം-കുമളി റോഡിൽ മുണ്ടക്കയംവരെ മാത്രമാണ് വാഹന ഗതാഗതം.
• കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
• സംസ്ഥാനത്തെ പ്രഫഷണൽ കോളജുകളും അങ്കണവാടികളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
• കേരള സർവകലാശാല ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
• ചാലിയാർ, പമ്പ നദികളുടെ സമീപപ്രദേശങ്ങളിൽനിന്നും ആളുകളെ ഒഴിപ്പിച്ചു തുടങ്ങി.
• അച്ചൻകോവിൽ, മണിമല നദികളിലും ജലനിരപ്പുയർന്നു. മണിയാർ, പെരുന്തേനരുവി ഉൾപ്പെടെയുള്ള സംഭരണികളിൽ നിന്നും അധികജലം പുറത്തേക്കു വിട്ടു.
• പെരുന്തേനരുവി തടയണയിൽ വെള്ളം കവിഞ്ഞ് ഒഴുകി.
• മലപ്പുറം വഴിക്കടവ് ആനമറിയിൽ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണു കാണാതായ സഹോദരിമാർക്കുവേണ്ടി തെരച്ചിൽ ആരംഭിച്ചു. പാറയ്ക്കൽ മൈ മുന, സാജിത എന്നിവരെയാണു കാണാതായത്.
Leave a Reply