കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് അബുദാബിയില്‍ 44 വാഹനങ്ങള്‍ കൂട്ടിയിടിച്ച് 22 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.
അബുദാബി ദുബായ് ഹൈവെയിലെ മുഹമ്മദ് ബിന്‍ റാഷിദ് റോഡില്‍ കിസാദ് പാലത്തിനടുത്തായിരുന്നു അപകടം. രാവിലെ എട്ടരയ്ക്കും പത്തിനുമായി രണ്ടു വ്യത്യസ്ത അപകടങ്ങളിലാണ് ഇത്രയും വാഹനങ്ങള്‍ കൂട്ടിയിടിച്ചത്.
പരസ്പരം കാണാത്തവിധം മൂടല്‍മഞ്ഞ് അനുഭവപ്പെട്ടതോടെ വാഹനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി ഇടിക്കുകയായിരുന്നു. റോഡരികിൽ നിര്‍ത്തിയിട്ട വാഹനങ്ങളിലും മറ്റു വാഹനങ്ങള്‍ വന്നിടിച്ചത് ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടി. 18 പേരുടെ പരുക്ക് സാരമുള്ളതല്ല. രണ്ടു പേര്‍ക്ക് ഇടത്തരം പരുക്കുണ്ട്. പരുക്കേറ്റവരെ അബുദാബി പൊലീസും അഗ്നിശമന സേനയും ചേര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഹസാർഡ് ലൈറ്റുകൾ പാടില്ല; നിയമം ലംഘിച്ചാൽ 500 ദിർഹം പിഴ
മഞ്ഞുള്ള സമയങ്ങളില്‍ ഹസാഡ് ലൈറ്റ് ഇടാന്‍ പാടില്ല. ലോ ബീം ലൈറ്റാണ് ഉപയോഗിക്കേണ്ടത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഹസാര്‍ഡ് ലൈറ്റിട്ടാല്‍ 500 ദിര്‍ഹം പിഴയടക്കേണ്ടിവരും. വാഹനമോടിക്കാന്‍ പറ്റാത്തവിധം മഞ്ഞുണ്ടെങ്കില്‍ വാഹനം റോഡരികിൽ നിര്‍ത്തിയിട്ട ശേഷമാണ് ഹസാര്‍ഡ് ലൈറ്റ് ഇടേണ്ടതെന്ന് ട്രാഫിക് ആന്‍ഡ് പട്രോള്‍ വിഭാഗം ഡയറക്ടര്‍ ബ്രി. മുഹമ്മദ് ഖീലി പറഞ്ഞു. മഞ്ഞുള്ള സമയങ്ങളില്‍ വേഗം കുറച്ചും ജാഗ്രതയോടെയും വാഹനമോടിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.
Leave a Reply