കേരളത്തില്‍ കനത്ത മഴ തുടരുകയും അണക്കെട്ടുകള്‍ നിറഞ്ഞു കവിയുകയും താഴ്ന്ന പ്രദേശങ്ങള്‍  വെള്ളത്തിലാവുകയും ചെയ്തതോടെ പറഞ്ഞറിയിക്കാനാവാത്ത ദുരിതത്തിലാണ് കേരള ജനത. ലക്ഷക്കണക്കിന്‌ ആളുകളാണ് അപ്രതീക്ഷിതമായി അഭയാര്‍ഥികളായി ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിയിരിക്കുന്നത്. ലോകമെങ്ങുമുള്ള മലയാളികള്‍ക്കൊപ്പം മറ്റ് ആളുകളും കേരളത്തെ സഹായിക്കാന്‍ ഏകമനസ്സോടെ മുന്നോട്ടു വന്നിട്ടുണ്ട് എങ്കിലും അതൊന്നും അടിയന്തിര സഹായത്തിനു മതിയാകുന്നില്ല. ഈയവസരത്തില്‍ സഹായവുമായി മുന്നോട്ട് വരാന്‍ വിവിധ സംഘടനകളും വ്യക്തികളും തയ്യാറായിട്ടുണ്ട്. കേരളത്തെ സഹായിക്കാന്‍ ആഹ്വാനം ചെയ്ത് കൊണ്ട് യുകെയില്‍ നിന്നുള്ള ലോക കേരള സഭ അംഗങ്ങളും രംഗത്ത് ഉണ്ട്.

UK യില്‍ നിന്നുള്ള ലോകകേരളസഭ അംഗങ്ങള്‍ പുറപ്പെടുവിക്കുന്ന സംയുക്ത അഭ്യര്‍ഥന…

നമ്മുടെ സ്വന്തം നാട് എന്നത് ഏതൊരു പ്രവാസിയുടെയും വിങ്ങലാണ്. അന്യനാട്ടില്‍ ജീവിതം കരുപ്പിടിപ്പിക്കുമ്പോഴും നമ്മുടെ സ്വന്തം കേരളത്തെക്കുറിച്ചുള്ള നല്ല ഓര്‍മ്മകളിലാണ്, പ്രിയപ്പെട്ടവരെക്കുറിച്ചുള്ള വിങ്ങലിലാണ് നമ്മള്‍ ഓരോരുത്തരും ദിവസങ്ങള്‍ തള്ളി നീക്കുന്നത്. നാട്ടിലുള്ള നമ്മുടെ പ്രിയപ്പെട്ടവര്‍ വലിയ പ്രളയക്കെടുതിയെ അഭിമുഖീകരിക്കുകയാണ്. മുപ്പതോളം ജീവനുകള്‍ പൊലിഞ്ഞു, നൂറുകണക്കിന് വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. അതിന്റെ പലമടങ്ങു വീടുകള്‍ ഭാഗീകമായി തകര്‍ന്നു. ആയിരക്കണക്കിന് ഏക്കര്‍ കൃഷി നശിച്ചു. ഓരോജില്ലയിലും നൂറുകണക്കിന് വ്യാപാരസ്ഥാപനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. പലയിടത്തും റോഡുകള്‍ ഒലിച്ചുപോയി. പാലങ്ങള്‍ തകര്‍ന്നു. ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ യഥാര്‍ഥ ചിത്രം ഇപ്പോഴും വ്യക്തമല്ല. ചരിത്രത്തില്‍ ആദ്യമായി 27 ഡാമുകള്‍ തുറക്കേണ്ടിവന്നു. ഇത്രവലിയ ഒരു ദുരന്തം സമീപഭാവിയില്‍ കേരളം അഭിമുഖീകരിച്ചിട്ടില്ല. ഇന്ന് നമ്മള്‍ സുരക്ഷിതത്വത്തിന്റെ ഒരു തുരുത്തിലാണ്. നമ്മളാല്‍ ആകുംവിധം നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് കൈത്താങ്ങാവുക എന്നത് നമ്മളുടെ ഓരോരുത്തരുടെയും കടമയാണ്.

നമ്മുടെ നാടിനായി ജാതിമതവര്‍ഗ്ഗരാഷ്രീയ ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിക്കാന്‍ നമ്മള്‍ ഓരോരുത്തരും തയാറാകണം. അതിനായി UKയിലെ മുഴുവന്‍ സംഘടനകളും വ്യക്തിത്വങ്ങളും മുന്നിട്ടിറങ്ങണമെന്ന് ഹൃദയപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു.

എന്ന്
ടി ഹരിദാസ്
കാര്‍മേല്‍ മിറാന്‍ഡ
മനു എസ്സ് പിള്ള
രേഖ ബാബുമോന്‍
രാജേഷ് കൃഷ്ണ

ഏതൊരാള്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നേരിട്ട് പണം അയയ്ക്കാം.
അക്കൗണ്ട് നമ്പര്‍ . 67319948232, SBI സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം, IFSC: SBIN0070028.
CMDRF ലേക്കുളള സംഭാവന പൂര്‍ണ്ണമായും ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നേരിട്ടയയ്ക്കാന്‍ സാങ്കേതിക ബുദ്ധിമുട്ടുള്ളവര്‍ക്കായി ഒരു UK അക്കൗണ്ടും സജ്ജമാക്കിയിട്ടുണ്ട്. https://www.justgiving.com/crowdfunding/lokakeralasabha ഇതില്‍ സമാഹരിക്കുന്ന മുഴുവന്‍ തുകയും എത്രയും വേഗം ദുരിതാശ്വാസനിധിയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും.